കൊച്ചി: സംസ്ഥാനത്തെ 12 സ്പോർട്സ് ഹോസ്റ്റലുകൾക്കുള്ള സാന്പത്തിക പിന്തുണ പിൻവലിക്കാൻ സ്പോർട്സ് കൗൺസിലിന് നിർദ്ദേശം. ഹോസ്റ്റലുകളുടെ നിലവാരം പഠിക്കാൻ കൗൺസിൽ നിയമിച്ച മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അഞ്ജു ബോബി ജോർജ്ജ്, റോസക്കുട്ടി എന്നിവർ വളർന്നുവന്ന തൃശ്ശൂർ വിമല കോളേജ് ഹോസ്റ്റലും അടച്ചുപൂട്ടുന്ന ഹോസ്റ്റലുകളിലുണ്ട്.
വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ്, ഭക്ഷണം, താമസം എന്നിവ പരിഗണിച്ചാണ് എൺ.ആർ രഞ്ജിത്ത്, മേഴ്സിക്കുട്ടൻ, ജോർജ്ജ് തോമസ് എന്നിവരുൾപ്പെട്ട സമിതിയുടെ നിർദ്ദേശം. സംസ്ഥാനത്തെ 102 ഹോസ്റ്റലുകളെ നാല് കാറ്റഗറികളാക്കി തിരിച്ചതിൽ 25 എണ്ണത്തിന് നിലവാരം ഉയർത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
“പരന്പരാഗതമായി നല്ല പ്രകടനം കാഴ്ചവച്ച ഹോസ്റ്റലുകളുടെ നിലവാര തകർച്ചയെ കുറിച്ച് മാനേജ്മെന്റുകളാണ് ചിന്തിക്കേണ്ടത്. ഒരു കുട്ടിക്ക് 200 രൂപ വീതം ഒരു ദിവസം ഭക്ഷണത്തിന് അനുവദിച്ചിട്ടുണ്ട്. 2633 കുട്ടികൾക്കായി 16 കോടിയാണ് ഭക്ഷണത്തിന് കൗൺസിൽ ഒരു വർഷം ചിലവഴിക്കുന്നത്. എന്നാൽ നൂറ് രൂപയുടെ ഭക്ഷണം പോലും ഈ ഹോസ്റ്റലുകളിൽ കുട്ടികൾക്ക് നൽകുന്നില്ല. ഇടുങ്ങിയ മുറിയിൽ 14 പേരെ വരെ താമസിപ്പിച്ചിരിക്കുന്നു.” എം.ആർ രഞ്ജിത്ത് പറഞ്ഞു.
” ഈ വർഷം മുതൽ എല്ലാ ജില്ലകളിലും ഒരു സ്പോർട്സ് അക്കാദമി എന്ന നിലയിലേക്ക് കേന്ദ്രീകൃത കായിക പരിശീലനം കൗൺസിൽ ആലോചിക്കുന്നുണ്ട്. ഓരോ ഇനത്തിനും വേണ്ട ശാരീരിക യോഗ്യതകൾ പരിഗണിച്ച് മതിയായ കഴിവുകളുള്ള കുട്ടികളെ മാത്രമേ ഏറ്റെടുക്കൂ. ഒരുപാടിടത്ത് ഒരുപാട് ഹോസ്റ്റലുകൾ തുടങ്ങുന്നത് കായിക രംഗത്തെ വളർച്ചയ്ക്ക് യാതൊരു സഹായവും നൽകുന്നില്ല” അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലുകളിലെ സൗകര്യം മൂന്നംഗ സമിതി പരിശോധിച്ചത്. സാന്പത്തിക സഹായം പിൻവലിച്ച ഹോസ്റ്റലുകൾ തകരാർ പരിഹരിക്കാൻ നേരത്തേ തന്നെ നിർദ്ദേശം നൽകിയിരുന്നതായി കൗൺസിൽ വ്യക്തമാക്കി.
അതേസമയം ഇക്കാര്യത്തിൽ വൈരാഗ്യത്തോടെയാണ് വിമല കോളേജിനെതിരെ നടപടിയെടുത്തതെന്ന് പ്രിൻസിപ്പൾ സിസ്റ്റർ മേരിസ് പറഞ്ഞു. “കോളേജിലെ പരിപാടിക്ക് അതിഥിയെ കാത്തുനിൽക്കുന്പോഴാണ് പരിശോധനയ്ക്ക് വന്നത്. ഇവർ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികളോട് വിവരങ്ങൾ ചോദിച്ചു. എന്നാൽ ഹോസ്റ്റൽ സന്ദർശിച്ചിരുന്നില്ല. 70 കുട്ടികളാണ് സ്പോർട്സ് ഹോസ്റ്റലിൽ ഉള്ളത്. ഇവർക്ക് പുറമേ കായിക ഇനങ്ങളിൽ ആഭിമുഖ്യം ഉള്ളവർക്കും കോളേജ് പിന്തുണ നൽകുന്നുണ്ട്. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കൊപ്പം ഇവർക്കും ഭക്ഷണം നൽകുന്നുണ്ട്.” അവർ പറഞ്ഞു.
യൂണിവേഴ്സിറ്റി തലത്തിൽ നടന്ന മത്സരങ്ങളിൽ അത് ലറ്റിക്സ് , ജൂഡോ, ഭാരോദ്വഹനം എന്നീ ഇനങ്ങളിൽ വിമല കോളേജ് ചാംപ്യന്മാരായിരുന്നു. “നല്ല ഭക്ഷണം അല്ല കഴിക്കുന്നതെങ്കിൽ മികച്ച പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നതെങ്ങിനെയാണ്? വിമല കോളേജ് എക്കാലവും സ്പോർട്സിനെ സ്നേഹിച്ചിട്ടേയുള്ളൂ. അന്താരാഷ്ട്ര താരങ്ങളെ സംഭാവന ചെയ്ത കോളേജ് ആണെന്നത് മറന്നുപോകരുതെന്നും” സിസ്റ്റർ മേരിസ് കൂട്ടിച്ചേർത്തു.