പാലാ: പാലായില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള രണ്ടാം ദിനത്തിലേക്ക് കടന്നു. ഇന്ന് 24 ഫൈനലുകളാണ് നടക്കുക. 61-ാമത് കായിക മേളയിലെ വേഗതയേറിയ താരങ്ങളെ ഇന്നറിയാം. ഉച്ചയ്ക്ക് ശേഷമാണ് മേളയിലെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ ഫൈനലുകള്‍. സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സും വൈകിട്ട് നടക്കും. ഫീല്‍ഡ് ഇനങ്ങളിലും പ്രധാന മല്‍സരങ്ങളുണ്ട്.

നിലവിലെ ജേതാക്കളായ പാലക്കാടിനെ പിറകിലാക്കി എറണാകുളം ജില്ലാ പോയിന്റ് പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്. എറണാകുളവും കോതമംഗലം മാര്‍ബേസിലുമാണ് ആദ്യദിനം 400 മീറ്ററില്‍ തിളങ്ങിയത്. എറണാകുളം സ്വന്തമാക്കിയ രണ്ട് സ്വര്‍ണവും മാര്‍ബേസിലിന്റെ വകയായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു സ്വര്‍ണം നേടി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ബേസിലിലെ അഭിഷയ്ക്ക് എതിരുണ്ടായിരുന്നില്ല. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ഗവ. ശ്രീ അയ്യങ്കാളി സ്‌കൂളിലെ കണ്ണന്‍ കെ.വി നിഷ്പ്രയാസം ഫിനിഷിങ് ലൈന്‍ കടന്നു. ജൂനിയര്‍ പെണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ പ്രിസില്ല ഡാനിയേലായിരുന്നു താരം.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം പുതിയ റെക്കോർഡ് പിറന്നു. മാര്‍ബേസിലിലെ അഭിഷേക് മാത്യുവിലൂടെ. സീനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ എരുമപ്പെട്ടി ജിഎച്ച്എസ്എസിലെ ജംഷീല തൃശൂരിന് ആദ്യ സ്വര്‍ണം സമ്മാനിച്ചു.

സീനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ടയിലെ അനന്തു വിജയന്‍ സ്വര്‍ണമണിഞപ്പോള്‍ പാലക്കാട് നിന്നുള്ള മുഹമ്മദ് മുര്‍ഷിദ് വെള്ളി നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ