കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനായി കണ്ണൂരിന്റെ ട്രാക്കുകൾ ഉണർന്നു. ആദ്യ സ്വർണം സ്വന്തമാക്കിയത് എറണാകുളമാണ്. ജില്ലയിലെ കോതമംഗലം മാർബേസിലിന്‍റെ അമിത് എൻ.വിയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ് അമിതിന്റെ സ്വർണ നേട്ടം. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് ജില്ലയിലെ കല്ലടി സ്കൂളിലെ വിദ്യാർഥി സി.ചാന്ദ്‌നിയും സ്വർണം നേടി. ആദ്യദിനം പതിനെട്ട് ഫൈനലുകളാണ് നടക്കുന്നത്.

ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് ജിഎച്ച്എസ് പട്ടാഞ്ചേരിയിലെ ജെ.റിജോയും സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ സനികയാണ് സ്വർണം നേടിയത്.

ഉച്ച കഴിഞ്ഞ് മന്ത്രി ഇപി ജയരാജൻ കായികമേള ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, പുരാവസ്തു – തുറമുഖം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഒളിംപ്യൻ ടിന്‍റു ലൂക്ക മീറ്റിന്‍റെ ദീപം തെളിയിക്കും. പിടി ഉഷ, എംഡി വത്സമ്മ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും.

പതിനാല് ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവൻ ബാബു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് പതാകയുയർത്തും.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ് എന്നീ മത്സരങ്ങളും നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍ ആണ്‍/പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹീറ്റ്സ് മത്സരങ്ങളും ജാവലിന്‍ത്രോയുമാണ് തുടര്‍ന്ന് നടക്കുക. രാവിലെ ഒന്‍പതിന് പതാകയുയര്‍ത്തലിനുശേഷം 9.20-ന് മറ്റുമത്സരങ്ങള്‍ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook