കോഴിക്കോട്: ദേശീയ സീനിയർ വോളിയിൽ കിരീടം കാക്കാൻ ഇറങ്ങുന്ന കേരള പുരുഷ ടീമിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ രാജസ്ഥാനെയാണ് കേരളം തകർത്തത്. നേരിട്ടുളള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. സ്കോർ 25-20,25-13,25-13.
സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം കാക്കാൻ ഇറങ്ങിയ കേരളം തകർപ്പൻ തുടക്കമാണ് നേടിയത്. ആദ്യ സെറ്റിൽ നായകൻ ജെറോം വിനീത് കളം പിടിച്ചപ്പോൾ രാജസ്ഥാൻ പ്രതിരോധം പിളർന്നു. അജിത് ലാലും വിപിൻ എം ജോർജ്ജും ഫോമിലേക്ക് ഉയർന്നതോടെ എതിരാളികൾ വിറച്ചു. 25-20 എന്ന സ്കോറിനായിരുന്നു ആദ്യ സെറ്റിൽ കേരളത്തിന്റെ വിജയം.
രണ്ടാം സെറ്റിൽ കേരളം തങ്ങളുടെ പ്രതിരോധം ശക്തമാക്കി. സെന്റർ ബ്ലോക്കർമാരായ അഖിൻ ജി.സും രോഹിത്തും രാജസ്ഥാൻ ആക്രമങ്ങളെ പ്രതിരോധക്കോട്ട തീർത്ത് തടത്തു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും രാജസ്ഥാന് തിരിച്ചു വരാൻ സാധിച്ചില്ല. മികച്ച സർവ്വുകളുമായി രണ്ടാം സെറ്റിലും ജെറോം വിനീത് നിറഞ്ഞു നിന്നു. 13ന് എതിരെ 25 പോയിന്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.
മൂന്നാം സെറ്റ് ഒരു ചടങ്ങ് മാത്രമായിരുന്നു. കേരള താരങ്ങൾ എല്ലാം ഫോമിലേക്ക് ഉയർന്നതോടെ രാജസ്ഥാന് മറുപടി ഇല്ലാതെയായി. മികച്ച ഫിനിഷിങ്ങും പ്രതിരോധവുമായി അഖിൻ ജി.എസ് മൂന്നാം സെറ്റിൽ കളം നിറഞ്ഞു. 17-9 എന്ന സ്കോറിന് കേരളം വ്യക്തമായ ലീഡ് നേടിയതോടെ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ കളത്തിൽ ഇറക്കി കേരളത്തിന്റെ പരിശീലകൻ കാണികൾക്ക് ടീമിന്റെ കരുത്ത് കാട്ടിക്കൊടുത്തു. അബുൾ റഹീമും അൻസാബും തങ്ങൾക്ക് കിട്ടിയ അവസരം മുതലാക്കിയതോടെ 25-13 എന്ന സ്കോറിന് മൂന്നാം സെറ്റും മാച്ചും കേരളം സ്വന്തമാക്കുകയായിരുന്നു.
ബ്ലോക്കിങ്ങിലും ഫിനിഷിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത അഖിൻ ജി.എസ് ആണ് ആദ്യ മത്സരത്തിലെ താരം. നാളെ നടക്കുന്ന മത്സരത്തിൽ ആന്ദ്രപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.