കൊച്ചി: ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ചരിത്ര മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരം പി.ആര്‍.ശ്രീജേഷിന് കൊച്ചിയിൽ ഗംഭീര വരവേൽപ്പ്. വെങ്കല തിളക്കവുമായി എത്തിയ താരത്തെ വരവേൽക്കാൻ നിരവധി കായിക പ്രേമികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.
വൈകീട്ടാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ശ്രീജേഷ് എത്തിയത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി കായിക മന്ത്രി വി.അബദുറഹ്‌മാൻ ഔദ്യോഗിക സ്വീകരണം നൽകി. ആലുവ എംഎൽഎ അൻവർ സാദത്തും സ്വീകരിക്കാനെത്തി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷനും ചേര്‍ന്നാണ് നാടിന്റെ താരത്തിന് സ്വീകരണം ഒരുക്കിയത്. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്നും കേരള പൊലീസിന്റെ തുറന്ന ജീപ്പിലാണ് ശ്രീജേഷ് കിഴക്കമ്പലത്തെ വീട്ടിലേക്ക് തിരിച്ചത്.

സര്‍ക്കാര്‍ പാരിതോഷികം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിന് വലിയ തോതില്‍ പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശ്രീജേഷ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഇന്നലെ പറഞ്ഞിരുന്നു. ഹോണററി സെക്രട്ടറി എസ്.എ.എസ് നവാസാണ് പാരിതോഷികം നൽകുന്ന വിവരം അറിയിച്ചത്.
വെങ്കല മെഡല്‍ പോരാട്ടത്തില്‍ അതിശയകരമായ തിരിച്ചു വരവിലൂടെയാണ് ഇന്ത്യ ജയം നേടിയത്. 1-3 എന്ന സ്കോറില്‍ പിന്നില്‍ നിന്ന ശേഷം 5-4 ന് പുരുഷ ടീം ജയം പിടിച്ചെടുത്തു. 41 വര്‍ഷത്തിന് ശേഷമാണ് ഓളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയത്.
Also Read: Tokyo Olympics 2020: എതിരാളികളെ ഭയപ്പെടേണ്ടതില്ല, ഈ മെഡല്‍ അതിന്റെ തെളിവാണ്: നീരജ് ചോപ്ര
അതേസമയം ഒലിംപിക്സിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ നോഹ നിർമൽ ടോം, ഇർഫാൻ, മുഹമ്മദ് അനസ്, അലക്സ് എന്നിവർക്കും കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വീകരണം നൽകി.

നോഹ നിർമൽ ടോമിനും, ഇർഫാനും കോഴിക്കോട് ജില്ലാ സ്പോർട്ടസ് കൗൺസിൽ ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ ജില്ലാ ഒളിമ്പ്യക്ക് അസോസിയേഷൻ എന്നിവർ സംയുക്തമായി കരിപ്പുർവിമാന താവളത്തിൽ സ്വീകരണംനൽകി .
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത റിലേ ടീം അംഗം മുഹമ്മദ് അനസ്, അലക്സ് എന്നിവർക്ക് തിരുവനതപുരം വിമാനത്താവളത്തിൽ ഒളിമ്പിക് അസോസിഷൻ സ്വീകരണം നൽകി .