കാലിക്കടവ്: ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ ജെന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരത്തിൽ ജവാൻ മടിയൻ കാസർകോട് ജില്ല ജേതാവായി. ലിംഗ സമത്വമെന്ന ആശയം മുൻനിർത്തി ലിംഗേതര കളിയിടത്തിനായാണ് സീനിയർ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചത്. അഞ്ച് ടീമുകൾ മത്സരിച്ച കാസർകോട് ജില്ല തലത്തിൽ ഫൂട് വാരിയേഴ്സിനെ 4-2 ന് പരാജയപ്പെടുത്തിയായിരുന്നു ജവാൻ മടിയന്റെ വിജയം.
ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നടത്തിയത്. ഇതിൽ ആദ്യത്തേതാണ് കാസർകോട് ജില്ലയിലെ കാലിക്കടവിൽ നടന്നത്. അഞ്ചിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു ട്രാൻസ്ജെന്ററും എന്നാണ് നിശ്ചയിച്ചിരുന്നത്. മത്സരത്തിൽ പങ്കെടുത്ത ഫൂട് വാരിയേഴ്സ്, അമിഗോസ് പെരിയ എന്നീ ടീമുകളിൽ ഈ അനുപാതം നിലനിർത്താനായി. മറ്റ് ടീമുകളിൽ ട്രാൻസ്ജെന്ററുടെ അസാന്നിദ്ധ്യത്തിൽ മൂന്ന് സ്ത്രീകൾ വീതമാണ് മത്സരിച്ചത്.
അമിഗോസ് പെരിയക്കു വേണ്ടി യുവ സമിതി ജില്ല കമ്മിറ്റിയംഗവും ട്രാൻസ് ജെന്ററുമായ ഇഷ കിഷോർ ജേഴ്സിയണിഞ്ഞു.”സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഫുട്ബോളോ മറ്റെന്തെങ്കിലും കളിച്ചാലും വലിയ എതിർപ്പ് സമൂഹത്തിൽ നിന്നുണ്ടാവുകയില്ല. ട്രാൻസ്ജെന്റേർസ് വരുന്പോഴാണ് എതിർപ്പ് കൂടുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഈ ശ്രമം ട്രാൻസ്ജെന്റർ എന്ന നിലയിൽ ലഭിച്ച ആദ്യത്തെ അംഗീകാരമാണ്. ഇതുവരെ ഒരു സ്പോർട്സ് മത്സരത്തിലും പങ്കെടുത്തിരുന്നില്ല. ആദ്യമായിട്ടാണ് ഫുട്ബോൾ കളിച്ചത് പോലും. അവഗണന നേരിടുന്നവരെ സമൂഹം ഉൾക്കൊള്ളാൻ ശ്രമിക്കുന്പോൾ ലഭിക്കുന്നത് അതിയായ സന്തോഷമാണ്”- അവർ പറഞ്ഞു.
“ട്രാൻസ്ജെന്റർ വിഭാഗക്കാർ അനുഭവിക്കുന്ന അവഗണനയുടെ പശ്ചാത്തലത്തിൽ തുല്യ പങ്കാളിത്തത്തോടെ ജീവിക്കേണ്ടവരുടെ പ്രതിഷേധ പ്രതികരണവേദിയായി കളിക്കളങ്ങളെ മാറ്റാനാണ് പരിഷത്തിന്റെ ശ്രമം. ആൺ കളിയായി കരുതപ്പെടുന്ന ഫുട്ബോളിൽ ഒരേ ടീമിൽ തന്നെ പുരുഷനും വനിതയും ട്രാൻസ്ജെന്ററും കളിക്കുന്നു. ഇത് നല്ല മാറ്റം സാധ്യമാക്കും” ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ജില്ല കൺവീനറും അദ്ധ്യാപകനുമായ ബിനേഷ് മുഴക്കോം പറഞ്ഞു.
ഫെബ്രുവരി 10 ന് മലപ്പുറം മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് സസംസ്ഥാന തല മത്സരം. വിജയികൾക്ക് ചെറുവത്തൂർ 121 എഡ്യൂക്കേഷൻ സെന്റർ സ്പോൺസർ ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാർഡ് നൽകി .