ഗുജറാത്ത്: ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം ബേസിൽ തമ്പിയെ അനുമോദിച്ച് കേരള രഞ്ജി ടീം. സൂറത്തിൽ നടക്കുന്ന രഞ്ജി ക്യാമ്പിനിടെയാണ് ബേസിൽ തമ്പിയുടെ സന്തോഷത്തിൽ ടീം അംഗങ്ങളും പങ്ക്ചേർന്നത്. കേക്ക് മുറിച്ചായിരുന്നു കേരള ടീമിന്റെ ആഘോഷം. ബേസിൽ തമ്പിയെ കേക്കിൽ കുളിപ്പിച്ച് സഞ്ജു സാംസണും കൂട്ടരും ആഘോഷം പൊടിപൊടിച്ചു.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ബേസിലിനെ ഉൾപ്പെടുത്തിയത്. മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന ബേസിലിന്‍റെ ഓള്‍റൗണ്ട് മികവാണ് സെലക്ടര്‍മാരെ ആകര്‍ഷിച്ചത്. ഒരിടവേളയ്ക്ക് ശേഷം കേരള ടീമിനെ രഞ്ജി ട്രോഫിയുടെ ക്വാർട്ടറിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് ബേസിൽ വഹിച്ചത്. ഹരിയാനക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫി മത്സസരത്തിൽ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയിരുന്നു താരം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട ബേസിലിനെ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത് പ്രശംസിച്ചിരുന്നു. ഐപിഎല്ലില്‍ സാക്ഷാല്‍ ക്രിസ് ഗെയിലിനെ വീഴ്ത്തിയ ബേസിലിന്‍റെ യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി നേടിയിരുന്നു.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യൻ ടീം: രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡ്യ, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുഷ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപഖ് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി, ജയദേവ് ഉനാദ്കഡ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ