തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 14 വരെ ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. എന്നാലും കളിക്കാനും നേരംപോക്കിനുമായി ആളുകൾ കവലയിലേക്കും പാടത്തേക്കുമൊക്കെയിറങ്ങുന്നത് പതിവാണ്. ഇത്തരക്കാരെ പിടികൂടാൻ ഡ്രോണുകളാണ് കേരള പൊലീസ് ഉപയോഗിക്കുന്നത്. ഡ്രോൺ നിരീക്ഷണത്തിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനും മുൻ താരവും കമന്രേറ്ററുമായിരുന്ന രവി ശാസ്ത്രിയുടെ ട്രേസർ ബുള്ളറ്റ് ചലഞ്ച് പശ്ചാത്തലമാക്കിയായിരുന്നു കേരള പൊലീസിന്റെ വീഡിയോ. ഡ്രോൺ വരുമ്പോൾ ഓടിരക്ഷപ്പെടുന്ന ആളുകളുടെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ കമന്ററി.

Also Read: സച്ചിൻ പുറത്ത്; ഷെയ്ൻ വോണിന്റെ ഇന്ത്യൻ ഐപിഎൽ ടീമിൽ ഇടംപിടിച്ച് രണ്ട് സർപ്രൈസ് താരങ്ങൾ

ഇത് ശ്രദ്ധയിൽപ്പെട്ട രവി ശാസ്ത്രി കേരള പൊലീസിന് അഭിനന്ദനവുമായി രംഗത്തെത്തി. കേരള പൊലീസിന്റെ വീഡിയോ റീട്വീറ്റ് ചെയ്തായിരുന്നു രവി ശാസ്ത്രിയുടെ അഭിനന്ദനം.

രവി ശാസ്ത്രി കമന്ററി ബോക്സിലെ തന്റെ സഹ കമന്റേറ്റര്‍മാരെ തന്റെ പ്രശസ്തമായ ‘ട്രേസര്‍ ബുള്ളറ്റ്’ പ്രയോഗം പഠിപ്പിക്കുന്നതിന്റെ ഓഡിയോയാണ് ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. 2016ലാണ് തന്റെ സഹ കമന്റേറ്റർമാർക്കു മുന്നിൽ ‘ട്രേസർ ബുള്ളറ്റ് ചലഞ്ച്’ വച്ചത്. ക്രിക്കറ്റ് കമന്ററിയിൽ താൻ പ്രശസ്തമാക്കിയ ഈ പ്രയോഗം വ്യത്യസ്തമായ ശൈലികളിൽ ഉപയോഗിക്കാനുള്ള ചലഞ്ച് ആയിരുന്നു ഇത്.

Also Read: ലാളിത്യത്തിന്റെയും നായകന്മാർ; ധോണിയെയും കോഹ്‌ലിയെയും പ്രശംസിച്ച് ഗവാസ്കർ

കമന്ററിക്ക് ചേരുന്ന തരത്തിൽ ഡ്രോൺ വരുമ്പോൾ കുതിച്ചുപായുന്ന ആളുകളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. മുണ്ടും തുവാലയുമിട്ട് മുഖം മറച്ചും, തെങ്ങിന്റെ ചുവട്ടിലും ഇടവഴിയിലും ഒളിച്ചുമൊക്കെ രക്ഷപ്പെടാനുള്ള ശ്രമം കാണികളിൽ ചിരിയുണർത്തും. ഇതുവരെ ട്വിറ്ററിൽ മാത്രം മൂന്നര ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. അയ്യായിരത്തിലധികം പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook