ബാംഗ്ലൂർ​: റോയൽ ചലഞ്ചേഴ്സ് കുപ്പായത്തിൽ ആദ്യ മത്സരത്തിൽ കളിക്കാൻ വിഷ്ണു വിനോദും. ഡെൽഹി ഡെയർ ഡെവിൾസിനെതിരായ മത്സരത്തിൽ വിഷ്ണുവിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഐപിഎല്ലിൽ വിഷ്ണുവിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്. മലായാളി താരം സച്ചിൻ ബേബിക്ക് പകരമാണ് വിഷ്ണു കളിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിട്ടാണ് വിഷ്ണുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിക്കേറ്റ് പിന്മാറിയ കെ.എൽ രാഹുലിന് പകരമാണ് വിഷ്ണുവിനെ റോയൽ ചലഞ്ചേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്. വിഷ്ണു വിനോദിനെ ടീമിലെടുക്കാൻ ബിസിസിഐക്ക് ടീം അപേക്ഷ സമർപ്പിച്ചിരുന്നു , ഈ അപേക്ഷ ബിസിസിഐ ഇന്ന് അംഗീകരിച്ചതോടെയാണ് വിഷ്ണു വിനോദിന് അവസരം ലഭിച്ചത്.

നേരത്തെ റോയൽ ചലഞ്ചേഴ്സിന്റെ സെലക്ഷൻ ക്യാമ്പിൽ വിഷ്ണു വിനോദ് പങ്കെടുത്തിരുന്നു. ഫൈനൽ ട്രയൽസ് വരെ വിഷ്ണു ഉണ്ടായിരുന്നെങ്കിലും താരലേലത്തിൽ വിഷ്ണുവിനെ ആരും ഏറ്റെടുത്തില്ല. എന്നാൽ കഴിവുള്ള താരമാണ് വിഷ്ണു എന്ന് മനസ്സിലാക്കിയ ഡാനിയൽ വെട്ടോറിയാണ് വിഷ്ണുവിനെ ടീമിലെടുക്കാൻ നിർദ്ദേശിച്ചത്. പരിക്കിനേ തുടർന്ന് വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്സും ആദ്യ മത്സരങ്ങളിൽ കളിക്കുന്നില്ല. പ്രധാന താരങ്ങളായ കെ.എൽ രാഹുലിനെയും , സർഫ്രാസ് ഖാനെയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ബാറ്റിങ്ങ് ഡിപ്പാർട്ട്മെന്റ് ശക്തിപ്പെടുത്താൻ വിഷ്ണുവിനെ റോയൽ ചലഞ്ചേഴ്സ് ടീമിലെടുത്തത്.

കേരളത്തിനായി രഞ്ജി ട്രോഫിയിലും, സയ്യീദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ദക്ഷിണ മേഖലയ്ക്കായി കളിച്ച വിഷ്ണു സെലക്ടർമാരുടെ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഐപിഎല്ലിൽ കളിക്കുന്ന ആറാമത്തെ മലയാളിയാണ് വിഷ്ണു വിനോദ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ