കൊൽക്കത്ത: ലീഗ് മൽസരങ്ങളെല്ലാം ഒന്നിന് പുറകെ ഒന്നായി തകർത്ത് മുന്നേറിയ കേരളം സെമിയിൽ മിസോറാമിനെ തകർത്ത് ഫൈനലിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം മിസോറാമിനെ തകർത്തു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അഫ്‌സലാണ് കേരളത്തിന് വേണ്ടി വിജയഗോൾ നേടിയത്.

ഞായറാഴ്ചയാണ് കേരളത്തിന്റെ ഫൈനൽ. ലീഗ് മൽസരങ്ങളെല്ലാം വിജയിച്ച കേരളം ആധികാരികമായ മുന്നേറ്റമാണ് ഇത്തവണത്തെ സന്തോഷ് ട്രോഫിയിൽ നടത്തിയത്. ലീഗ് മൽസരത്തിൽ ഛത്തീസ്ഗഡിനെതിരെ 5-1 നും മണിപ്പൂരിനെതിരെ 6-0 നും വിജയിച്ച കേരളം അവസാന ലീഗ് മൽസരത്തിൽ ബംഗാളിനെ 1-0 നും തോൽപ്പിച്ചാണ് മുന്നേറിയത്.

ഫൈനലിൽ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. സെമിയിൽ കർണാടകത്തെ പരാജയപ്പെടുത്തിയാണ് ബംഗാൾ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതുവരെയുളള എല്ലാ മൽസരങ്ങളും വിജയിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. സെമിയിൽ മിസോറാമിനെ നേരിട്ട കേരളത്തിന് ശക്തമായ പ്രതിരോധ നിര കരുത്തായി.

ആക്രമിച്ചാണ് മിസോറാം കളിച്ചത്. ആദ്യ പകുതിയിൽ കേരളത്തിന്റെ മുന്നേറ്റ നിരയെ കൃത്യമായി പ്രതിരോധിച്ച് നിർത്താൻ അവർക്ക് സാധിച്ചു. എന്നാൽ മിസോറാം കളിച്ച് ക്ഷീണിക്കാൻ കാത്തിരുന്ന കേരളം ഏറ്റവും വലിയ തുറുപ്പുചീട്ടായ അഫ്ദാലിനെ രണ്ടാം പകുതിയിലാണ് രംഗത്ത് ഇറക്കിയത്. ഈ തന്ത്രം വിജയം കണ്ടതോടെ കേരളം ഫൈനലിലേക്ക് യോഗ്യത നേടി.

സെമിയിൽ കേരളത്തിനെതിരെ നാല് അവസരങ്ങളാണ് മിസോറാം വിട്ടുകളഞ്ഞത്. കേരളത്തിന്റെ ഗോൾമുഖത്ത് എത്തിയിട്ടും പന്ത് വലയിലാക്കാൻ മിസോറാമിന് സാധിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ