കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ പുരുഷ ടീമിന് തുടർച്ചയായ രണ്ടാം ജയം. കരുത്തരായ ആന്ധ്രപ്രദേശിനെയാണ് കേരളം രണ്ടാം മത്സരത്തിൽ തകത്തത്. സ്കോർ 27-25,25-23,25-14. സെറ്റർ മുത്തുസ്വാമിയുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് തകപ്പൻ വിജയം ഒരുക്കിയത്.

രാജസ്ഥാനെ അനായാസം മറികടന്ന കേരളത്തിന് കടുത്ത വെല്ലുവിളിയാണ് ആന്ധ്ര താരങ്ങൾ നൽകിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും മുന്നേറിയത്. കേരളത്തിനായി ജെറോം വിനീത് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അജിത് ലാലിന് തിളങ്ങാൻ ആയില്ല. 23-23 എന്ന സ്കോറിൽ ആദ്യ സെറ്റിൽ ഇരു ടീമുകളും തുല്യത പാലിച്ചപ്പോൾ ആന്ധ്രപ്രദേശിനായിരുന്നു ആദ്യ സെറ്റ് പോയിന്റ് ലഭിച്ചത്. എന്നാൽ കിട്ടയ അവസരം മുതലാക്കാൻ ആന്ധ്രപ്രദേശിന് സാധിച്ചില്ല.

എന്നാൽ ഈ അവസരം മുതലെടുത്ത് കേരളത്തിന്‍റെ സെറ്റർ മുത്തു സ്വാമി മികച്ചൊരു പ്ലെയിസിലൂടെ കേരളത്തിനെ ഒപ്പമെത്തിച്ചു. പിന്നാലെ തുടരെ മൂന്ന് പോയിന്റുകൾക്കൂടി നേടി കേരളം ആദ്യ സെറ്റ് 27-25 എന്ന സ്കോറിന് സ്വന്തമാക്കുകയായിരുന്നു.

രണ്ടാം സെറ്റിലും കാണികളെ ത്രില്ലടിപ്പിച്ച ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. കേരളത്തിനായി നിറംമങ്ങിപ്പോയ അജിത് ലാലിനെ പിൻവലിച്ച് പരിചയസമ്പന്നനായ സി. രതീഷിനെ കോച്ച് കളത്തിലിറക്കി. ഈ മാറ്റം ഫലം കാണുകയും ചെയ്തു. വർധിത വീര്യത്തോടെ കളിച്ച കേരളം 25-23 എന്ന സ്കോറിന് രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റ് ഒരു ചടങ്ങ് മാത്രമായിരുന്നു 25-14 എന്ന സ്കോറിന് മൂന്നാം സെറ്റും മാച്ചും സ്വന്തമാക്കി കേരളം തുടച്ചയായ രണ്ടാം വിജയം ആഘോഷിച്ചു.

കേരളത്തിന്‍റെ പ്ലെമേക്കറായ മുത്തുസ്വമിയുടെ തന്ത്രപരമായ നീക്കങ്ങളാണ് രണ്ടാം മത്സരത്തിൽ വിജയം ഒരുക്കിയത്. രാജസ്ഥാന്‍റെ പിഴവുകൾ മുൻകൂട്ടികണ്ട് മുത്തു ഒരുക്കിയ നീക്കങ്ങളാണ് കേരളത്തിന്‍റെ അറ്റാക്കർമാർക്ക് തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ അവസരം ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ