തിരുവനന്തപുരം: എട്ട് റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്നും പൊരുതിക്കയറി കേരളം. രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് സ്വന്തമായുണ്ട്.

നാല് വിക്കറ്റ് പോയിടത്തു നിന്നും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടേയും വിഷ്ണു വിനോദിന്റേയും സെഞ്ചുറികളാണ് കേരളത്തെ തിരികെ കൊണ്ടു വന്നത്. 125 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്.

സച്ചിന്‍ ബേബി 211 പന്തുകളില്‍ നിന്നും 143 റണ്‍സാണ് നേടിയത്. ഇതില്‍ 14 ഫോറും മൂന്ന് സിക്‌സുകളും ഉള്‍പ്പെടും. രഞ്ജിയിലെ കന്നി സെഞ്ചുറിയാണ് വിഷ്ണു വിനോദ് നേടിയത്. 226 പന്തില്‍ നിന്നും 155 റണ്‍സുമായി വിഷ്ണു പുറത്താകെ ക്രീസിലുണ്ട്. 18 ഫോറും ഒരു സിക്‌സുമാണ് വിഷ്ണു അടിച്ചത്. 30 റണ്‍സുമായി ബേസില്‍ തമ്പിയും ക്രീസിലുണ്ട്. തമ്പി നാല് ഫോര്‍ അടക്കം 49 പന്ത് നേരിട്ടാണ് 30 റണ്‍സെടുത്തത്.

ആദ്യ ഇന്നിങ്‌സില്‍ വെറും 63 റണ്‍സിന് ഓള്‍ ഔട്ടായ കേരളം തകര്‍പ്പന്‍ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. 265 റണ്‍സിന്റെ ലീഡായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ കേരളം വഴങ്ങിയിരുന്നത്. ഇവിടെ നിന്നുമാണ് കേരളത്തിന്റെ മാസ്മരിക തിരിച്ചു വരവ്. വിഷ്ണുവും സച്ചിനും ചേര്‍ന്ന് 199 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മധ്യപ്രദേശിനായി കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാന്‍ രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. ഒന്നാം ഇന്നിങ്‌സില്‍ മധ്യപ്രദേശ് 328 റണ്‍സായിരുന്നു നേടിയത്. രജത് പഠിഥാര്‍, നമന്‍ ഓജ, യഷ് ദൂബേ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മധ്യപ്രദേശിന് 265 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ