കൊച്ചി: ​ഐ.പി.എൽ ഒത്തുക്കളിയുമായി ബന്ധപ്പെട്ട്​ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത്​ സമർപ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ബി.സി.സി.​ഐക്ക്​ നോട്ടീസ്​ അയച്ചു. വിലക്ക് എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. കേസ്​ കോടതി മാർച്ച്​ അഞ്ചിന്​ വീണ്ടും പരിഗണിക്കും. ഏപ്രിലില്‍ സ്‌കോട്ട്ലന്‍ഡില്‍ ഗ്ലെന്റോത്ത് ക്ലബ്ബിനായി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ക്ഷണമുണ്ട്. അതില്‍ പങ്കെടുക്കാന്‍ ബിസിസിഐ അനുമതി തേടിയും, വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.

തനിക്കെതിരായ ആരോപണങ്ങള്‍ പട്യാല കോടതി നിരസിച്ചിട്ടും വിലക്ക് തുടരുന്നതിനെതിരെയാണ് ശ്രീശാന്ത് ഹര്‍ജി നല്‍കിയത്. മഹാരാഷ്ട്ര ഓര്‍ഗനൈസ്ഡ് ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസ് കോടതി നിരസിച്ചതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ബിസിസിഐയുടെ അച്ചടക്കസമിതിക്ക് വിശദീകരണം നല്‍കിയെങ്കിലും 15 മിനിറ്റ്മാത്രമാണ് വിശദീകരണത്തിന് സമയം അനുവദിച്ചത്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്ക് വിശദീകരണനോട്ടീസ് നല്‍കിയതും നടപടി സ്വീകരിച്ചതുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

ആരോപണത്തെത്തുടര്‍ന്ന് ബിസിസിഐ അന്വേഷണകമീഷനെ നിയോഗിച്ചിരുന്നു. തന്റെ വിശദീകരണം കേള്‍ക്കാതെയാണ് സസ്പെന്‍ഡ്ചെയ്തത്. പിന്നീട്, പ്രാഥമികറിപ്പോര്‍ട്ട് നല്‍കി. ആജീവനാന്തവിലക്ക് നിലനില്‍ക്കുന്നതിനാല്‍ സ്കോട്ട്ലാന്‍ഡ് പ്രീമിയര്‍ലീഗില്‍ കളിക്കാനുള്ള അവസരം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ