തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം തിരിച്ച് പിടിച്ച കേരള താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം നൽകും. സന്തോഷ് ട്രോഫി കിരീടം നേടിയ 20 അംഗങ്ങള്‍ക്കും മുഖ്യപരിശീലകനും രണ്ട് ലക്ഷം രൂപ വീതവും, മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു.

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയിച്ച കേരള ടീമിലെ ജോലിയില്ലാത്ത 11 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുവാനുള്ള തീരുമാനവും ഉണ്ടായി. കൂടാതെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയിച്ച കേരള ടീമില്‍ അംഗമായ കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് സ്വദേശിയായ രാഹുല്‍ കെ.പിക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. 14 വർഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുന്നത്.

അതേസമയം ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരളത്തിന്റെ താരങ്ങൾക്കും സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിൽ അംഗങ്ങൾക്ക് 1.5 ലക്ഷം രൂപ സമ്മാനമായി നൽകാനാണ് സർക്കാർ തീരുമാനം. കോഴിക്കോട് വച്ച് നടന്ന ദേശീയ സീനിയർ വോളിയിൽ കരുത്തരായ റെയിൽവേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്. ബിപിസിഎൽ താരമായ ജെറോം വിനീതിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമാണ് കേരളത്തിന് കപ്പ് നേടിക്കൊടുത്തത്.

വിജയത്തിന് ശേഷം മന്ത്രി കടകംപളളി സുരേന്ദ്രനൊപ്പം കേരള ടീം

കരുത്തരായ ബംഗാളിനെ തോല്‍പ്പിച്ചാണ് കേരള ടീം സന്തോഷ് ട്രോഫി കിരീടം ഉയർത്തിയത്. ഇത് ആറാം തവണയാണ് കേരളം സന്തോഷ് ട്രോഫിയിൽ ജേതാക്കളാകുന്നത്. കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രിൽ 6 ന് കേരളത്തിൽ ഉടനീളം വിജയദിനം ആയി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. 6 ന് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരള ടീമിന് സ്വീകരണം നൽകും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ