കോഴിക്കോട് : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആരവങ്ങള്‍ ടെലിവിഷന്‍ സ്ക്രീനിലും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും അലയടിക്കെ അധികം ദൂരെയല്ലാതെ കാല്‍പന്തുകളിയില്‍ മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഗോകുലം എഫ്സി.

2012-2017 വരെയുള്ള അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് ഐ ലീഗില്‍ ഇടംപിടിക്കുന്നത്. മുഹമദന്‍സ് സ്പോര്‍ട്ടിങ്, എഫ്സി കൊച്ചി തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുകയും വിവാ കേരള, ചിരാഗ് യുണൈറ്റഡ്, ക്വാര്‍ട്ട്സ് എസ്സി, യുണൈറ്റഡ് എസ്സി തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിക്കുകയും ചെയ്ത ബിനോ ജോര്‍ജ് ആണ് ഗോകുലം എഫ്സിയുടെ ഹെഡ് കോച്ച്.

“ഒരു ക്ലബ് ഉണ്ട് എന്നാല്‍ അതിനനുസരിച്ച മികവും ഉണ്ട് എന്നാണ്” 2016-17 സീസണ്‍ ഐ ലീഗില്‍ പങ്കെടുക്കുന്ന ഗോകുലം എഫ്സിയുടെ മാനേജറും കോച്ചുമായ ബിനോ ജോര്‍ജ് പറയുന്നു.  2015ലെ ദേശീയ ഗെയിംസിലും സന്തോഷ്‌ ട്രോഫിയിലും കേരളാ ടീം കോച്ചായിരിക്കെ സികെ വിനീത്, റിനോ ആന്‍റോ, സക്കീര്‍ മുണ്ടംപാറ സിഎസ് സബീത് എന്നീ താരങ്ങളെ പരിശീലിപ്പിച്ചത് ബിനോ ജോര്‍ജ് ആണ്. പുതുതായി കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ യുവതാരങ്ങളായ ജിഷ്ണു, സുജിത് എന്നിവരും ബിനോയുടെ കണ്ടെത്തലുകളാണ്.

” 2006 മുതല്‍ ഞാന്‍ കേരളത്തില്‍ ഫുട്ബോള്‍ കോച്ചിങ് നടത്തുന്നുണ്ട്. വിവാ കേരളയില്‍ അസിസ്റ്റന്‍റ കോച്ചായിരിക്കുമ്പോഴാണ്‌ ക്ലബ്ബ് പൂട്ടേണ്ടി വരുന്നത്. സികെ വിനീത്, ഡെന്‍സന്‍ ദേവദാസ്, ആസിഫ് കോട്ടയില്‍ എന്നിവരൊക്കെ ആ ക്ലബ്ബിലൂടെ ഉയര്‍ന്നുവന്നവരാണ്.” ബിനോ ജോര്‍ജ് വിവാ കേരളയിലെ ഓര്‍മ്മകള്‍ അയവിറക്കി. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിവാ കേരള പ്രവര്‍ത്തനം ഉപേക്ഷിച്ചത് മുതലാണ് കേരളത്തില്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബുകള്‍ നിലംതൊടാത്ത അവസ്ഥയാകുന്നത്. എന്‍എഫ്എല്‍ മാറി ഐലീഗ് ആയ കാലഘട്ടത്തിലൊന്നും ദേശീയതലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു ക്ലബ്ബിന് പോലും പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.

ഗോകുലം എഫ് സി താരങ്ങള്‍ പരിശീലനത്തിനിടെ

കാല്‍പന്തുകളിക്ക് ഏറെ വേരോട്ടവും ജനപ്രീതിയും ഉണ്ടെങ്കിലും നല്ലൊരു പ്രാദേശിക ക്ലബ് ഇല്ല എന്നതാണ് കേരളത്തില്‍ ഫുട്ബാള്‍ വളരാത്തതിന്‍റെയും പുതിയ താരങ്ങള്‍ ഇല്ലാത്തതിന്‍റെയും കാരണമായി ബിനോ ജോര്‍ജിന് അനുഭവപ്പെട്ടിട്ടുള്ളത്‌.

” ഒരു ക്ലബ്ബ് ഉണ്ട് എങ്കില്‍ അതിനനുസരിച്ച് മികവും ഉണ്ട്. ഒരുകാലത്ത് കേരള പൊലീസ് ഫുട്ബാള്‍ ടീമിലുള്ള പത്തോളം പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ടിരുന്നത്. ” ഐഎം വിജയനും സിവി പാപ്പച്ചനും വിപി സത്യനും ഉയര്‍ന്നു വന്ന കേരളാ പൊലീസ് ക്ലബ്ബിന്‍റെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ബിനോ ജോര്‍ജ് പറഞ്ഞു.

Read More : മലബാറിനൊരു ഫുട്ബോള്‍ ക്ലബ്; ഗോകുലം എഫ്‌സിക്ക് ഐ ലീഗ് പ്രവേശനം

ഈ വര്‍ഷമാണ്‌ ഗോകുലം എഫ്സി ഇന്ത്യയുടെ ടോപ്‌ ഡിവിഷന്‍ ലീഗായ ഐ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പരിശീലനത്തെക്കുറിച്ചും ആദ്യ ലീഗില്‍ പയറ്റാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ആരാഞ്ഞപ്പോള്‍ ഏറെ പ്രായോഗികമായാണ് ബിനോ ജോര്‍ജ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

” ഏറ്റവും മികച്ച കളിക്കാരൊക്കെ ഇപ്പോള്‍ ഐഎസ്എല്‍ ആണ് തിരഞ്ഞെടുക്കുന്നത്. ഐഎസ്എല്‍ ക്ലബ്ബുകള്‍ തിരഞ്ഞെടുക്കാത്ത ചില മികച്ച താരങ്ങള്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും പോലുള്ള ക്ലബ്ബിലേക്ക് ചേക്കേറുന്നു. പിന്നീടുള്ള കളിക്കാരൊക്കെ മികവിന്‍റെ കാര്യത്തില്‍ ഏതാണ്ട് തുല്ല്യരാണ്. അതിനാല്‍ തന്നെ കളിയുടെ ഗതി തീരുമാനിക്കുന്നത് വിദേശ താരങ്ങളാണ്. എനിക്ക് മികവുള്ള വിദേശ താരങ്ങളെ വേണം എന്നാണ് ഞാന്‍ ക്ലബ്ബിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.” കേരളത്തില്‍ നിന്നുമുള്ള ആദ്യ എഎഫ്സി പ്രൊ ലൈസന്‍സ് കോച്ച് വിശദീകരിച്ചു.

കേരളത്തില്‍ ഒരു ഫുട്ബാള്‍ ക്ലബ് നടത്തിക്കൊണ്ടുപോവുകയെന്ന ബുദ്ധിമുട്ട് ഗോകുലം എഫ്സിയിലൂടെ തരണംചെയ്യാനാക്കും എന്നാണ് പതിറ്റാണ്ടുകളായി കേരളാ ഫുട്ബാളിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ബിനോ ജോര്‍ജിന് അനുഭവപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ തന്നെ വിവാ കേരളയുടെ അനുഭവമായിരിക്കില്ല ഗോകുലം എഫ്സിക്ക് എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

” ഗോകുലത്തിന് നല്ലൊരു സാമ്പത്തിക പിന്തുണയുണ്ട് എന്ന് മാത്രമല്ല ഫുട്ബോള്‍ വികസിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും കൃത്യമായ ബോധ്യമുണ്ട്. അതിനോടൊപ്പം ക്ലബ് അടച്ചുപൂട്ടുന്ന ഒരവസ്ഥ നാണക്കേടായി കണക്കാക്കുന്ന ഒരു കമ്പനിയാണ് ഗോകുലം. രാവിലെ പത്രം നോക്കുമ്പോള്‍ ക്ലബ് ജയിച്ച വാര്‍ത്ത വായിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണു ക്ലബ് ഉടമയായ ഗോകുലം ഗോപാലന്‍ പറഞ്ഞിട്ടുള്ളത് ” രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐലീഗിലെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നായി ഗോകുലം എഫ്സി മാറും എന്ന ആത്മവിശ്വാസത്തോടെ ബിനോ ജോര്‍ജ് പറഞ്ഞു.

കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയമാണ് ഗോകുലം എഫ്സിയുടെ ഹോം ഗ്രൗണ്ട്. ഡിസംബര്‍ 6 നു ചെന്നൈ സിറ്റി എഫ്സിക്കെതിരെയാണ് ഗോകുലത്തിന്‍റെ ആദ്യ ലീഗ് മത്സരം.

Read More : ഗോകുലം എഫ്സിയെ സുശാന്ത് മാത്യൂസ് നയിക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ