scorecardresearch

7,000 താരങ്ങള്‍, 24 ഇനങ്ങള്‍; പ്രഥമ കേരള ഗെയിംസ് മേയ് ഒന്ന് മുതല്‍

ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ കേരള ഗെയിംസ് 2022 ഉദ്ഘാടനം ചെയ്യും

Kerala Games 2022

തിരുവനന്തപുരം: കേരള ഒളിംപിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസ് മേയ് ഒന്നു മുതല്‍ 10 വരെ. ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ കേരള ഗെയിംസ് 2022 ഉദ്ഘാടനം ചെയ്യും.

14 ജില്ലകളില്‍ നിന്നായി 7,000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. 24 മത്സര ഇനങ്ങളാണ് കായിക മാമാങ്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കായിക മേള നടക്കുന്നത്.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈഎംസിഎ, കൊല്ലം ഹോക്കി സ്റ്റേഡിയം, ഐആര്‍സി സ്റ്റേഡിയം ശംഖുമുഖം, കനകക്കുന്ന് എന്നിവയാണ് ഗെയിംസ് വേദികള്‍.

ടോക്കിയോ ഒളിംപിക്സിലെ മെഡല്‍ ജേതാക്കളായ രവി ദെഹ്യ, ബജ്റംഗ് പുനിയ, ലോവ്ലിന ബൊര്‍ഗോഹൈന്‍, പിആര്‍ ശ്രീജേഷ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കി ആദരിക്കും. ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും നല്‍കും.

ഒളിംപിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2020 ലെ ലൈഫ് ടൈം സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ബോക്‌സര്‍ മേരി കോമിന് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മത്സരങ്ങളുടെ ഭാഗമായി 2022 മെയ് ഒന്നിന് 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തോണും, 10 കിലോമീറ്റര്‍ ഓട്ട മത്സരവും, മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്‍ മത്സരവും സംഘടിപ്പിക്കും. ഹാഫ് മാരത്തോണ്‍ വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആകെ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

കേരള ഗെയിംസിന്റെ ഭാഗമായുള്ള കായിക ഫോട്ടോ എക്‌സിബിഷന്‍ ഏപ്രില്‍ 30 ന് ആരംഭിക്കും. വെള്ളയമ്പലം എന്‍ജിനിയേഴ്‌സ് ഹാളില്‍ മെയ് പത്ത് വരെയാണ് എക്‌സിബിഷന്‍. ഒളിമ്പിക് അസോസിയേഷനും കേരള മീഡിയ അക്കാഡമിയും, കേരള പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം നഗര ഹൃദയമായ കനകക്കുന്ന് കൊട്ടാരത്തില്‍ കേരള ഗെയിംസ് എക്‌സ്‌പോയും സംഘടിപ്പിക്കും.

എക്‌സ്‌പോയുടെ ഭാഗമായി കനകക്കുന്ന് പരിസരത്ത് 10000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പുഷ്പ്പമേളയും ഒരുക്കുന്നുണ്ട്. മേളയുടെ മാറ്റ് കൂട്ടുന്നതിനായി 12 ദിവസങ്ങളിലും കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

കായികമേളയ്ക്കൊപ്പം കലാവിരുന്നും

  • മേയ് ഒന്ന്. – റാപ്പര്‍ അറിവ് നയിക്കുന്ന അംബസാ ബാന്‍ഡിന്റെ പ്രകടനം
  • മേയ് രണ്ട് – ബിനു അടിമാലിയും അരുണ്‍ ഗിന്നസും  നയിക്കുന്ന കോമഡി സ്‌കിറ്റും ഗാനമേളയും
  • മേയ് മൂന്ന് – പ്രസീത ചാലക്കുടിയും സംഘവും ഒരുക്കുന്ന നാടന്‍ പാട്ട്
  • മേയ് നാല് – റഷ്യന്‍ സംഘത്തിന്റെ ബെല്ലി ഡാന്‍സ്
  • മേയ് അഞ്ച് – ആല്‍മരം ബാന്‍ഡിന്റെ സംഗീതനിശ
  • മേയ് ആറ് – അനിതാ ഷെയ്ക്കിന്റെ സംഗീത വിരുന്ന്
  • മേയ് ഏഴ് – ഗായിക സിത്താരയും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ
  • മേയ് എട്ട് – ഫാഷന്‍ ഷോ, ഡി.ജെ നോയ്‌സ് നൈറ്റ്
  • മേയ് ഒന്‍പത് – ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീത വിരുന്ന്

Also Read: ‘സഞ്ജു മികച്ച ഫോമും ഇന്ത്യന്‍ ടീമിലെത്താനുള്ള അവസരവും പാഴാക്കുന്നു’

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kerala games 2022 to begin from may 1st