കൊച്ചി: സംസ്ഥാനത്തെ കായിക ലോകം ഉണരുന്നതിന്റെ സൂചനയായി ആര്‍ട്ടിഫിഷ്യല്‍ ഫുട്ബോള്‍ ടര്‍ഫുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങി. സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ കായിക സമുച്ചയങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ടര്‍ഫുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. സ്പോര്‍ട്സ് കോംപ്ലക്സുകളിലും ക്ലബുകളിലും സ്റ്റേഡിയങ്ങളിലും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യവസ്ഥയില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതാണെന്ന് മെയ് 18-ന് ചീഫ് സെക്രട്ടറി ടോം ജോസ് ഇറക്കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനുള്ള പൊതു മൈതാനങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്നും നഗരങ്ങളില്‍ സൗകര്യങ്ങള്‍ ഇല്ലാതെ വന്നതിനേയും തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫുട്ബോള്‍ ആരാധകര്‍ ആശ്രയിക്കുന്നത് കൃത്രിമ ടര്ഫുകളെയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ടര്‍ഫുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും ദിവസവും രണ്ട് മൂന്ന് മാച്ചുകള്‍ നടക്കുന്നുണ്ടെന്നും ടര്‍ഫ് ഉടമകള്‍ പറഞ്ഞു.
Read Also: ഐപിഎല്ലിന് വേണ്ടി ടി20 ലോകകപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടില്ല: ബിസിസിഐ
“സ്പോര്‍ട്സ് കോംപ്ലക്സുകള്‍ തുറക്കാമെന്നുള്ള ലോക്ക്ഡൗണ്‍ ഇളവ് വന്നതിനെ തുടര്‍ന്നാണ് ടര്‍ഫ് തുറന്നത്. കോവിഡ് തുടങ്ങുന്നതിന് മുമ്പ് കളിക്കാര്‍ എത്തിയിരുന്നത് പോലെ ഇപ്പോള്‍ ആളുകള്‍ എത്തുന്നതില്ല. എങ്കിലും നമുക്കിവിടെ ദിവസം രണ്ടോ മൂന്നോ ടീമുകള്‍ വച്ച് വരുന്നുണ്ട്. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് പ്രവര്‍ത്തനം. ഫൈവ്സ് മത്സരങ്ങളാണ് നടത്തുന്നത്. അഞ്ച് പേര് വീതം രണ്ട് ടീമുകള്‍ ഉണ്ടാകും,” യുണൈറ്റഡ് സ്പോര്‍ട്സ് സെന്ററിന്റെ ഷഹീന് നാസര്‍ പറയുന്നു.

കോവിഡ് കാലത്ത് സമൂഹത്തില്‍ പതിവായി മാറിയ ശീലങ്ങള്‍ ടര്‍ഫിലും നടപ്പിലാക്കുന്നു. “മത്സരം തുടങ്ങുന്നതിന് മുമ്പ് കളിക്കാരുടെ ശരീരത്തിലെ താപനില അളക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കാറില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുനശീകരണം ചെയ്യുന്നുണ്ട്. എങ്കിലും കളിക്കുമ്പോള്‍ അവര്‍ മാസ്ക് ഉപയോഗിക്കുന്നില്ല,” ഷഹീന് പറയുന്നു.
ടര്ഫിന് പുറത്തിറങ്ങിയാല്‍ മാസ്ക് ധരിക്കണം. അതേസമയം, മത്സരശേഷം ടര്‍ഫില്‍ അണുനശീകരണം ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ ടര്‍ഫ് നിയമങ്ങള്‍
കോവിഡ് കാലത്ത് ടര്‍ഫുകളിലെ നിയമങ്ങളും മാറിയിട്ടുണ്ട്. ടര്‍ഫിലേക്ക് കളിക്കാരെയൊഴിച്ച് മറ്റാരേയും കയറാന്‍ അനുവദിക്കുന്നില്ല, ടീമുകള്‍ അണിനിരന്നാല്‍ ടര്‍ഫിലേക്കുള്ള വാതിലുകള്‍ അടയ്ക്കും, കളിക്കാര്‍ കൂട്ടംകൂടൂന്നത് ഒഴിവാക്കി മത്സരം തുടങ്ങുംമുമ്പ് പണമായോ ഓണ്‍ലൈന്‍ വഴിയോ ഫീസ് നല്‍കണം, മത്സരം നടത്താന്‍ ലഭിച്ചിരിക്കുന്ന സമയത്തിന് അഞ്ച് മിനിട്ട് മുമ്പ് ടര്‍ഫില്‍ എത്തണം, മത്സരം തീരുമ്പോള്‍ തന്നെ കളിക്കാര്‍ ടര്‍ഫും പരിസരവും വിട്ടു പോകണം, സാനിട്ടൈസറും കൈ കഴുകുന്നതിനുള്ള സംവിധാനവും ടര്‍ഫില്‍ നിര്‍ബന്ധമാക്കി, കളിക്കാന്‍ വരുമ്പോള്‍ മത്സരം കാണാന്‍ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൂട്ടി വരാന്‍ പാടില്ല എന്നിവയാണ് പുതിയ നിയമങ്ങള്‍.
Read Also: പിതാവിനെയും പിന്നിലിരുത്തി 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ട്രയൽസിന് ക്ഷണിച്ച് ഫെഡറേഷൻ
നേരത്തെ, രാവും പകലും ഫുട്ബോള്‍ മത്സരങ്ങളും നടക്കുകയും ആരവം മുഴങ്ങുകയും ചെയ്തിരുന്ന ടര്‍ഫുകളില്‍ ഇപ്പോള്‍ പരിപൂര്‍ണ നിശബ്ദതയാണ്. ഇതിലൂടെ, ശബ്ദശല്യമെന്ന് ടര്ഫിന് അടുത്ത് താമസിക്കുന്നവര്‍ ഉയര്‍ത്തുന്ന പരാതിക്കും പരിഹാരമായിയെന്ന് ഒരു ടര്‍ഫ് ജീവനക്കാരന് പറയുന്നു.
ഫുട്ബോള്‍ ആരാധകരുടെ നാടായ കോഴിക്കോട് 300 ഓളം ടര്ഫുകളാണുള്ളത്. ഫൈവ്സും സെവന്‍സും കളിക്കാന്‍ സൗകര്യമുള്ള ടര്‍ഫുകളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ഫുട്ബോള്‍ മത്സരത്തിനുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളും ഈ ടര്‍ഫുകളില്‍ ഉണ്ടാകും. ടെക്കീസും ബിസിനസുകാരും കുട്ടികളും തുടങ്ങി വിവിധ പ്രായക്കാരായവരും വിവിധ മേഖലകളില്‍ നിന്നുമുള്ളവര്‍ ടര്‍ഫില്‍ കളിക്കാന്‍ എത്തുമായിരുന്നു. ഒരു മത്സരം ഒരു മണിക്കൂറാണ് നടത്തുക. കളിക്കാരുടെ തിരക്കിന് അനുസരിച്ച് 2,500 രൂപ വരെ മണിക്കൂറിന് വാടകയായി ഈടാക്കുന്ന ടര്‍ഫുകള്‍ സംസ്ഥാനത്തുണ്ട്. കോഴിക്കോടും എറണാകുളത്തുമൊക്കെ ദിവസം 400 മത്സരങ്ങള്‍ വരെ കോവിഡിന് മുമ്പ് നടന്നിരുന്നു. ഇപ്പോള്‍ മത്സരങ്ങള്‍ കുറഞ്ഞപ്പോള്‍ നിരക്കിലും വ്യത്യാസം വന്നിട്ടുണ്ട്.
കളിക്കാരെ ആകര്‍ഷിക്കാന്‍ നിരക്ക് കുറച്ചു
ഇപ്പോള്‍ ഒരു മത്സരത്തിന് 1300 രൂപയാണ് വാങ്ങുന്നതെന്ന് ഷഹീന് പറയുന്നു. “നേരത്തേയിത് 1500 രൂപയായിരുന്നു. ആളുകളെ ആകര്‍ഷിക്കുന്നതിന് 200 രൂപ ഡിസ്കൗണ്ട് നല്‍കുകയാണ്. വൈകുന്നേരം ഏഴ് മണിവരെ മാത്രമേ പ്രര്ത്തിക്കാവൂ എന്നുള്ളതിനാല്‍ ലൈറ്റുകള്‍ 30 മിനിട്ടേ ആവശ്യം വരുന്നുള്ളു. അതിനാല്‍ വൈദ്യുതി ബില്‍ ചെലവും കുറയുന്നു,” ഷഹീന് പറയുന്നു.
Read Also: ഏകദിനത്തിൽ കോഹ്ലിയേക്കാൾ കേമൻ സച്ചിനാണെന്ന് പറയാൻ കാരണമുണ്ട്: ഗംഭീർ
നേരത്തെ രാവിലെ രാവിലെ ആറ് മുതല്‍ എട്ടുവരേയും വൈകുന്നേരം ആറ് മുതല്‍ 12 വരേയുമാണ് തിരക്കേറിയ സമയം. ഇപ്പോള്‍ രാവിലെ ആരും വരുന്നില്ലെന്നും വൈകുന്നേരമാണ് കളിക്കാര്‍ വരുന്നതെന്നും ഷഹീന് പറയുന്നു. വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ പകല്‍ സമയത്ത് കളിക്കാന്‍ എത്തുമെന്ന പ്രതീക്ഷയും അതുവഴിയുള്ള വരുമാന കൊയ്ത്തുമാണ് കോവിഡ്-19 മൂലം ടര്‍ഫുകള്‍ക്ക് നഷ്ടമായത്.
ഇപ്പോള്‍ ടര്‍ഫ് ബുക്ക് ചെയ്യുന്നത് ഫോണ്‍ വഴിയാണ്. നേരത്തെ പ്ലേയോ എന്ന ആപ്പ് വഴിയുണ്ടായിരുന്നു. ഇപ്പോള്‍ കോവിഡ് ആയതു കൊണ്ട് ബുക്കിങ് ഇല്ലാതായതു കാരണം ആ ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണെന്ന് ഷഹീന് പറയുന്നു.
24 മണിക്കൂറില്ല, ഏഴ് മുതല്‍ ഏഴ് വരെ മാത്രം
“കോവിഡ് കാലത്ത് വന്ന മാറ്റം കളിക്കാന്‍ വരുന്ന ടീമുകളിലെ അംഗങ്ങള്‍ക്ക് പരസ്പരം അറിയാം. നേരത്തെ ആപ്പുണ്ടായിരുന്നപ്പോള് ഒറ്റയ്ക്കൊരാള്‍ രജിസ്റ്റര്‍ ചെയ്താലും ഏതെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തി കളിക്കാമായിരുന്നു,” അടുത്ത മാസം മുതല്‍ ആപ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഷഹീന് പറയുന്നു. ലോക്ക്ഡൗണിനു മുമ്പ് 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഒരു ടര്‍ഫാണ് യുണൈറ്റഡ് സ്പോര്‍ട്സ്. ജില്ലാ ആരോഗ്യ വകുപ്പിനോട് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ മത്സരം നടത്തിക്കോളാന്‍ പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പര ഓഗസ്റ്റിൽ: ബിസിസിഐയും സിഎസ്എയും ധാരണയിലെത്തിയതായി സൂചന
ടര്‍ഫ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ അനുവാദം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും സോക്കര്‍ പിച്ച് ഫുട്ബോള്‍ ടര്‍ഫ് ഉടമ ഏഞ്ജലോ പറഞ്ഞു. “കൊച്ചിയിലെ ടെക്കികളായിരുന്നു ഇവിടെ കളിക്കാന്‍ വന്നിരുന്നത്. അവരെല്ലാം നാട്ടില്‍ പോയതിനാല്‍ മത്സരം കുറവാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മത്സരങ്ങള്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷയുള്ളതായും അദ്ദേഹം പറയുന്നു. ഇവിടെ 600 രൂപയാണ് ഒരു മണിക്കൂര്‍ ചാര്‍ജ്. കോവിഡ്-19 മൂലം ചാര്‍ജ് കുറച്ച് നല്‍കിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.
മുന്‍കരുതല്‍ സ്വീകരിച്ച് കളിക്കാം
കോവിഡിന് മുമ്പ് സ്ഥിരം ടര്‍ഫില്‍ കളിക്കാന്‍ പോയിരുന്ന കൊച്ചിക്കാരനായ ജിജോ ഇപ്പോള്‍ വീണ്ടും ബൂട്ടണിഞ്ഞു തുടങ്ങി. വീടിനടുത്താണ് സോക്കര്പിച്ച് ഫുട്ബോള്‍ ടര്‍ഫ്. അതേസമയം, ടര്‍ഫില്‍ സ്ഥിരം ഫുട്ബോള്‍ കളിക്കാന്‍ പോയിരുന്ന ഇഖ്ബാല്‍ ബഷീര്‍ പറയുന്നത് സര്‍ക്കാരില്‍ നിന്നും വ്യക്തമായ അറിയിപ്പുകളൊന്നും വരാത്തതു കൊണ്ടാണ് ടര്‍ഫില്‍ കളിക്കാന്‍ പോകാത്തതെന്നാണ്. ബിസിനസ്സുകാരനായ അദ്ദേഹം ഇപ്പോള്‍ ദിവസവും ഉപഭോക്താക്കളുമായി ഇടപെടുന്നുണ്ട്.
Read Also: നമ്പർ 21 ജഴ്സി ഇനിയില്ല: സന്ദേശ് ജിങ്കന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദരം
ലോക്ക്ഡൗണ്‍ ലംഘിച്ച് ഫുട്ബോള്‍ കളിച്ച യുവാക്കള്‍ക്ക് എതിരെ കേസ് എന്ന വാര്‍ത്ത കാണാന്‍ താല്പര്യമില്ലാത്തതു കൊണ്ടാണ് കളിക്കാന്‍ പോകാത്തതെന്ന് തമാശയായി കോതമംഗലം ചെറുവത്തൂര്‍ സ്വദേശിയായ അദ്ദേഹം പറയുന്നു. സര്‍ക്കാരിന്റെ അനുമതി വന്നാല്‍ അത്യാവശ്യം മുന്‍കരുതലുകള്‍ സ്വീകരിച്ച് പേടിയില്ലാതെ കളിക്കാന്‍ പോകുമെന്ന് അദ്ദേഹം പറയുന്നു.