കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. അവസാന യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ചത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിന്റെ സർവാധിപത്യമായിരുന്നു.
24-ാം മിനിറ്റിൽ വിഷ്ണുവാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ജിജോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മൂന്ന് ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയാണ് ജിജോ പാസ് നൽകിയത്. 33-ാം മിനിറ്റിൽ ജിതിൻ കേരളത്തിന്റെ ലീഡുയർത്തി. ഒറ്റയാൾ മുന്നേറ്റത്തിലൂടെയായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ ജിതിൻ കേരളത്തിന് വേണ്ടി മൂന്നാം ഗോൾ വലയിലാക്കി. 42-ാം മിനിറ്റിൽ ലിയോൺ ഒരു അവസരം പാഴാക്കിയതിന് പിന്നാലെയായിരുന്നു ജിതിന്റെ സ്കോറിങ്.
Also Read: ദുരന്തരാത്രി…കൂനിൻമേൽ കുരുപോലെ പരുക്കുകൾ; ഒടുവിൽ സമനിലയും
രണ്ടാം പകുതിയിൽ മൗസുഫാണ് കേരള സ്കോറിങ്ങിന് തുടക്കമിട്ടത്. 83-ാം മിനിറ്റിലായിരുന്നു മൗസുഫിന്റെ ഗോൾ. ബോക്സിന് പുറത്ത് നിന്നുള്ള ഒന്നാന്തരമൊരു ഷോട്ടിലൂടെയാണ് മൗസുഫ് കേരളത്തിന്റെ ലീഡ് നാലാക്കി ഉയർത്തിയത്.
ഇഞ്ചുറി ടൈമിലായിരുന്നു കേരളത്തിന്റെ അവസാന രണ്ടു ഗോളുകൾ. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ജിജോയും നാലാം മിനിറ്റിൽ എമിലും ഗോൾപട്ടിക തികച്ചു.
Also Read: ‘ദ കംപ്ലീറ്റ് ഓൾറൗണ്ടർ’; ക്രിക്കറ്റിൽ വിലക്ക് വന്നതോടെ ഫുട്ബോൾ കളിച്ച് ഷാക്കിബ് അൽ ഹസൻ
പ്രാഥമിക റൗണ്ടിൽ തകർപ്പൻ ജയങ്ങളുമായാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. ആദ്യ മത്സരത്തിൽ ആന്ധ്രയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. പ്രാഥമിക റൗണ്ടിൽ കേരളം ആകെ നേടിയത് ആറു ഗോളുകൾ, ഒന്നുപോലും വഴങ്ങിയതുമില്ല.