നോട്ടിങ്ഹാം: വിജയം കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സമര്‍പ്പിച്ചതിന് പിന്നാലെ മാച്ച് ഫീയും സംഭാവന ചെയ്ത് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തങ്ങള്‍ക്ക് ലഭിച്ച മാച്ച് ഫീ എല്ലാവരും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു താരത്തിന് 15 ലക്ഷം വീതമാണ് മാച്ച്. ഏതാണ്ട് രണ്ട് കോടിയോളം വരും മൊത്തം തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കും താരങ്ങള്‍ പണം സംഭാവന നല്‍കുക.

നേരത്തെ ഇന്ത്യയുടെ വിജയം കേരളത്തിന് സമര്‍പ്പിച്ചിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെ 203 ന് തകര്‍ത്തിന് ശേഷം പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു വിരാട്. ടീമെന്ന നിലയില്‍ ഈ വിജയം കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഇരകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് വിരാട് പറഞ്ഞത്.

”ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഈ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു കാര്യമാണിത്. വളരെ മോശം സമയമാണ് അവിടെ ഇപ്പോള്‍,” എന്നായിരുന്നു വിരാട് പറഞ്ഞത്. കൈയ്യടിയോടെയാണ് കാണികള്‍ വിരാടിന്റെ വാക്കുകള്‍ സ്വീകരിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും വിരാടിനായിരുന്നു. മാന്‍ ഓഫ് ദ മാച്ച് ഭാര്യ അനുഷ്‌കയ്ക്കാണ് വിരാട് സമര്‍പ്പിച്ചത്.

നേരത്തേയും കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വിരാട് പറഞ്ഞിരുന്നു. ആളുകളോട് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരശേഷം വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞത്.

ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ കളിയാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ 317 ന് പുറത്താക്കുകയായിരുന്നു. 203 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 30 റണ്‍സുമായി ആദില്‍ റഷീദും 8 റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണുമായിരുന്നു ക്രിസീല്‍. ആന്‍ഡേഴ്‌സണിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 329 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 161 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ലീഡ് നല്‍കിയ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഇംഗ്ലണ്ടിന് മുന്നില്‍ വിജയലക്ഷ്യം 521 റണ്‍സായി. രണ്ട് ഇന്നിങ്‌സുകളില്‍നിന്നുമായി 200 റണ്‍സ് അടിച്ചുകൂട്ടിയ ക്യപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook