മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നാണ് സഹായം എത്തുന്നത്. കായിക ലോകത്തുനിന്നുള്ള സംഭാവനയും സംസ്ഥാനത്തിന് കൈത്താങ്ങായിരുന്നു. ഇപ്പോഴിതാ വീണ്ടും കായിക മേഖലയിൽ നിന്ന് കൂടുതൽ സഹായങ്ങൾ കേരളത്തിന് എത്തിക്കൊണ്ടിരിക്കുകയാണ്. ഇറ്റാലിയൻ വമ്പന്മാരായ എഎസ് റോമയാണ് കേരളത്തിന് ഒടുവിൽ സാമ്പത്തിക സഹായം ഉറപ്പ് നൽകിയത്.
ഇറ്റാലിയൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന എഎസ് റോമ സ്വന്തം താരങ്ങളുടെ ജഴ്സി ലേലത്തിന് വച്ച് ലഭിക്കുന്ന തുകയാകും കേരളത്തിന് നൽകുക. കഴിഞ്ഞ ദിവസം നടന്ന അവരുടെ ആദ്യ ഹോം മത്സരത്തിന് ശേഷമാണ് ക്ലബ്ബിന്റെ പ്രഖ്യാപനം. അഞ്ച് പ്രമുഖ താരങ്ങളുടെ ജഴ്സിയാണ് റോമ ലേലത്തിന് വയ്ക്കുക. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക മുഴുവനായും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം.
The thoughts of everyone at #ASRoma are with those affected by the floods that have caused so much devastation in #Kerala. We're in touch with the authorities to see what support we can offer. Fans can make a donation to the relief fund @ https://t.co/kGey38lBOv#KeralaFloods pic.twitter.com/01U5eaWGRN
— AS Roma English (@ASRomaEN) August 20, 2018
ഇറ്റാലിയൻ ഒന്നാം ലീഗിൽ കളിക്കുന്ന ടീമാണ് എഎസ് റോമ. മൂന്ന് തവണ ഇറ്റാലിയൻ കപ്പും, രണ്ട് തവണ ഇറ്റാലിയൻ സൂപ്പർ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഒരു തവണ യൂറോപ്യൻ കപ്പിൽ റണ്ണേഴ്സപ്പും ആയിട്ടുണ്ട്. നേരത്തെ യൂറോപ്യൻ വമ്പന്മാരായ ലിവർപൂൾ, എഫ്സി ബാർസിലോണ, ചെൽസി ഉൾപ്പടെയുള്ള ക്ലബ്ബുകളും കേരളത്തിന് പിന്തുണയറിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യൻ കായിക ലോകത്തുനിന്നും വലിയ പിന്തുണ കേരളത്തിലെ ദുരിതബാധിതർക്ക് ലഭിച്ചിരുന്നു. കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും, അവരുടെ തന്നെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബെംഗളൂരു എഫ്സിയും കേരളത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആരാധകരും ചേർന്ന് അവശ്യ സാധനങ്ങൾ കേരളത്തിലേക്കയച്ചിരുന്നു.
നോട്ടിങ്ഹാം ടെസ്റ്റ് വിജയം കേരളത്തിന് സമർപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം, അവരുടെ മത്സര പ്രതിഫലമായ 2 കോടി രൂപയും കേരളത്തിന് നൽകിയിരുന്നു. ഇതിന് പുറമെ സച്ചിൻ തെൻഡുൽക്കർ ഉൾപ്പടെയുള്ള പ്രമുഖ താരങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കഴിഞ്ഞു.