ബെംഗളൂരു: കേരളത്തിന് കരുത്തേകാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായവും പിന്തുണയും ഒഴുകിയെത്തിയിരിക്കുകയാണ്. രാജ്യത്തിന് പുറത്തു നിന്നുമുള്ളവരും കൈത്താങ്ങായി മാറുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ളവര്‍ എല്ലാം മറന്ന് സ്വയം സന്നദ്ധരായി സേവന രംഗത്തുണ്ട്. സ്പോര്‍ട്സ് മേഖലയില്‍ നിന്നും കേരളത്തിന് പിന്തുണയുമായി പ്രമുഖ ക്ലബ്ബുകളും എത്തിയിട്ടുണ്ട്.
പണവും സഹായവും വാഗ്ദാനം ചെയ്യുക മാത്രമല്ല കര്‍മ്മ രംഗത്തും കേരളത്തിന് ഒപ്പമുണ്ടെന്ന് തെളിയിക്കുകയാണ് ബെംഗളൂരു എഫ്സി. തങ്ങളുടെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ കൗണ്ടറില്‍ ജനങ്ങള്‍ എത്തിക്കുന്ന സാധനങ്ങള്‍ വാങ്ങുന്നതും പായ്ക്ക് ചെയ്യുന്നതുമെല്ലാം ടീം അംഗങ്ങള്‍ നേരിട്ടാണ്. ടീം നായകനും ഇന്ത്യന്‍ ടീമിന്റെ കൂടി നായകനായ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലാണ് വസ്ത്രങ്ങളും അവശ്യ വസ്തുക്കളും എല്ലാം ശേഖരിക്കുകയും അവ വേര്‍തിരിക്കുകയും പായ്ക്ക് ചെയ്യുകയുമൊക്കെ നടക്കുന്നത്.
ടീമിലെ മലയാളി താരം റിനോ ആന്റോയുമുണ്ട് ഇവര്‍ക്കൊപ്പം. കേരളത്തിനൊപ്പം തന്നെ പ്രളയം ദുരിതം വിതച്ച കുടകിലേക്കും ബെംഗളൂരു എഫ്സി സഹായം എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആയിരക്കണക്കിന് ആളുകളാണ് കുടകില്‍ ഒറ്റപ്പെട്ടു കിടക്കുന്നത്. നിരവധി പേരെ കാണാതാവുകയും ആറു പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. ടീമിനൊപ്പം ആരാധകരും കോച്ചുമാരും മറ്റ് സ്റ്റാഫുകളുമെല്ലാം സ്റ്റേഡിയത്തിലെ കൗണ്ടറിലെ വോളന്റിയര്മാരായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തെ സഹായിക്കണമെന്ന് ഛേത്രി രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിയുന്ന രീതിയില്‍ എങ്ങനെയെങ്കിലും കേരളത്തെ സഹായിക്കണമെന്നും കേരളത്തിലെ ക്യാംപുകളിലേക്കുള്ള സാധനങ്ങള്‍ സ്റ്റേഡിയത്തില്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ടീം മൊത്തം സേവന രംഗത്തേക്കിറങ്ങിയത്.
എന്നാല്‍ തങ്ങള്‍ താരങ്ങളോ കോച്ചുമാരോ ആരാധകരോ അല്ലെന്നും ജനങ്ങള്‍ മാത്രമാണെന്നും കുടകിനും കേരളത്തിനും വേണ്ടിയാണെന്നുമായിരുന്നു ബെംഗളൂരു എഫ്സി ഫെയ്സ്ബുക്കില്‍ കുറിച്ചത്.