ദുബായ്: രണ്ട് ദിവസം ഐസിയുവിലെ ചികത്സയ്ക്ക് ശേഷം സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന് കായിക പ്രേമികള്‍ കൈയടിച്ചിരുന്നു. എന്നാല്‍ റിസ്വാനെ കളത്തിലെത്തിച്ചതിന് പിന്നില്‍ ഒരു മലയാളി ഡോക്ടറിന്റെ കരങ്ങളാണ് എന്നത് വൈകിയാണ് ലോകം അറിഞ്ഞത്.
തിരുവനന്തപുരം സ്വദേശിയായ സഹീര്‍ സൈനലാബ്ദീനാണ് ആ ഡോക്ടര്‍. ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചതിന് റിസ്വാന്‍ തന്റെ കയ്യോപ്പോടുകൂടിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ജേഴ്സി സഹീറിന് സമ്മാനമായി നല്‍കിയിരുന്നു. വിവരം പുറം ലോകം അറിഞ്ഞതോടെ സഹീറിന് എല്ലാ കോണില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.
“സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചില്ല. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമെല്ലാം ഫോണ്‍ വിളികളെത്തി. ഇത്രയും വലിയ തോതില്‍ വാര്‍ത്ത പ്രചരിക്കുമെന്ന് കരുതിയിരുന്നില്ല. എന്റെ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളുമെല്ലാം വലിയ സന്തോഷത്തിലാണ്,” സഹീര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
“ആളുകളുടെ പ്രതികരണം സന്തോഷം നല്‍കുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ രോഗി സന്തോഷവാനായിരിക്കുന്നത് സംതൃപ്തി നല്‍കുന്ന ഒന്നാണ്. റിസ്വാനെ ചികിത്സിക്കാന്‍ സാധിച്ചത് എന്റെ ജീവിതകാലം മുഴുവൻ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു അവിസ്മരണീയ നിമിഷമാണ്,” സഹീര്‍ കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നായിരുന്നു റിസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. “ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ചികിത്സയ്ക്ക് പുറമെ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം രോഗമുക്തി നേടുന്നതില്‍ നിര്‍ണായകമായി. ഓസ്ട്രേലിയക്കെതിരെ റിസ്വാന്റെ പ്രകടനം കണ്ടപ്പോള്‍ സന്തോഷം തോന്നി,” സഹീര്‍ പറഞ്ഞു.