മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരനുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്നേഹ റോയിയാണ് വധു. പെരുമ്പാവൂർ സ്വദേശിയായ ബേസിൽ മുല്ലമംഗലം എം എം തമ്പിയുടെയും ലിസിയുടെയും മകനാണ്.
കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും പങ്കെടുത്തിരുന്നു. കേരള ക്രിക്കറ്റ് ടീം പരിശീലകന് ടിനു യോഹന്നാനും ക്യാപ്റ്റൻ സച്ചിൻ ബേബിയും വിവാഹത്തിനെത്തി.
ഫാസ്റ്റ് ബൗളറായ ബേസിൽ 2014-15 സീസണിലാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറുന്നത്. 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിച്ച ബേസിലിനെ ഇക്കഴിഞ്ഞ താര ലേലത്തിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്.
38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 90 വിക്കറ്റും 69 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റും ബേസിൽ സ്വന്തമാക്കിയിട്ടുണ്ട്.
Also Read: കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു