കൊച്ചി: കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. കേരളാ ടീം നായകന്‍ സച്ചിന്‍ ബേബിയ്‌ക്കെതിരെ ടീമംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സച്ചിനെ നായക സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ടീമംഗങ്ങള്‍ കെസിഎയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. കത്തില്‍ സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ ഒപ്പിട്ടുണ്ട്. കേരള ടീമിലെ പതിനഞ്ച് താരങ്ങളാണ് കത്ത് നല്‍കിയത്.

നായകനെന്ന നിലയില്‍ സച്ചിന്‍ ബേബിയുടെ ആറ്റിറ്റിയൂഡ് ശരിയല്ലെന്നും വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്നും കത്തില്‍ പറയുന്നു. ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ കത്തെന്നും ടീമംഗങ്ങള്‍ പറയുന്നു. സച്ചിന്‍ ബേബി സ്വാര്‍ത്ഥനാണെന്നാണ് താരങ്ങളുടെ ആരോപണം. ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുമെന്നും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കെട്ടി വെക്കുന്നുവെന്നുമാണ് ആരോപണം. എന്നാല്‍ കത്തിനെക്കുറിച്ച് കെ.സി.എ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സച്ചിന്റെ പെരുമാറ്റം കാരണം തങ്ങള്‍ക്ക് സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും സഹതാരത്തെകുറിച്ച് മറ്റ് താരങ്ങളോട് മോശമായി സംസാരിക്കുന്ന നായകനാണ് സച്ചിന്‍ ബേബിയെന്നും കത്തില്‍ പറയുന്നുണ്ട്. നായകന്റെ മോശം പെരുമാറ്റം കൊണ്ടാണ് പല യുവതാരങ്ങളുടെ മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നതെന്നും ടീമിന്റെ നായകസ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നാണ് എല്ലാ കളിക്കാരുടെയും ആഗ്രഹമെന്നും കത്തില്‍ പറയുന്നു. ഇതില്‍ മാനേജ്മെന്റ് ഉടന്‍ തീരുമാനമെടുക്കണമെന്നും താരങ്ങള്‍ പറയുന്നു.

കെ.സി.എ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി നിധീഷ്, വി.ജി റൈഫി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പുവെച്ചത്. അതേസമയം, കത്തില്‍ പേരുണ്ടെങ്കിലും പി.രാഹുലും, വിഷ്ണു വിനോദും ഒപ്പിട്ടിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ