കൊച്ചി: ഇന്ത്യ – വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ഏകദിന മൽസരത്തിന്റെ മൈതാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെ മുൻ പ്രസിഡന്റ് ടി.സി.മാത്യു. ഫിഫ ലോകകപ്പ് നടന്ന മൈതാനം ക്രിക്കറ്റിനായി വീണ്ടും മാറ്റിയെടുക്കുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പുറമേ ഓസീസിനെതിരായ മൽസരം കേരളത്തിന് അനുവദിക്കാതെ വെസ്റ്റ് ഇൻഡീസിന് എതിരായ മൽസരം അനുവദിച്ചതിൽ സംശയം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. “ഫുട്ബോൾ ലോകകപ്പ് നടന്ന മൈതാനം ക്രിക്കറ്റിനായി മാറ്റുക അത്ര എളുപ്പമല്ല. കൊച്ചിയിൽ ക്രിക്കറ്റ് നടത്താൻ ഇടക്കൊച്ചിയിൽ ക്രിക്കറ്റിന് വേണ്ടി പുതിയ മൈതാനം ഉണ്ടാക്കുകയാണ് നല്ലത്,” ടി.സി.മാത്യു പറഞ്ഞു.
“അടുത്തവർഷം ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരായ മൽസരമാണ് കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ മഴക്കാലത്ത് കേരളത്തിൽ വെസ്റ്റ് ഇഡീസിന് എതിരെയാണ് മൽസരം പ്രഖ്യാപിച്ചത്. ഇത് സംശയകരമായ നീക്കമാണ്. വെസ്റ്റ് ഇൻഡീസിന് എതിരായ മൽസരം വിട്ടുനൽകി ഓസ്ട്രേലിയക്കെതിരായ മൽസരം വാങ്ങാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രമിക്കണം,” ടി.സി.മാത്യു പറഞ്ഞു.
കൊച്ചിയിലെ വേദി സംബന്ധിച്ച തർക്കത്തിൽ ഇതുവരെ നിലപാട് എടുത്തിട്ടില്ല. ഇതിഹാസ ക്രിക്കറ്റ് താരങ്ങളും ഐഎസ്എൽ ടീം ഉടമകളുമായ സൗരവ് ഗാംഗുലി, സച്ചിൻ തെൻഡുൽക്കർ എന്നിവർ കൊച്ചിയിൽ മൽസരം നടത്തരുതെന്ന് ആവശ്യപ്പെട്ടത് കേരള ക്രിക്കറ്റ് അസോസിയേഷനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. 30വർഷത്തെ പാട്ടക്കരാർ നിലവിലുളളത് കൊണ്ട് മൈതാനം ഫുട്ബോളിന് മാത്രമായി വിട്ടുനൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തയ്യാറുമല്ല.