രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണയും സച്ചിൻ ബേബി തന്നെയാകും ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്‍ണു വിനോദാണ് ടീമിലെ ഏക പുതുമുഖം. ഹൈദരാബാദിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളത്തിന്റെ ഹോം ഗ്രൗണ്ടായ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നവംബർ 1 മുതലാണ് പോരാട്ടം.

കഴിഞ്ഞ സീസണിൽ കേരള ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ്ദ് അസ്ഹുറിദ്ദീന് പകരക്കാരനായാണ് വിഷ്‍ണു ടീമിലേക്കെത്തുന്നത്. ഏകദിന ഫോർമാറ്റിലെ മികച്ച ബാറ്റിങ് പ്രകടനമാണ് വിഷ്‍ണുവിനെ തുണച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പരാതി നൽകിയ താരങ്ങളിൽ മൂന്ന് പേരൊഴികെ ബാക്കിയെല്ലാവരും ടീമിലിടം പിടിച്ചിട്ടുണ്ട്.

ഒമ്പത് ടീമുകൾ വീതമുള്ള എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് രഞ്ജി പോരാട്ടങ്ങൾ. രണ്ട് ഗ്രൂപ്പുകളിൽ നിന്ന് അഞ്ച് ടീമുകൾ വീതമാകും ക്വാർട്ടർ ബെർത്തിലേക്ക് കടക്കുക. ഗ്രൂപ്പ് ബിയിലാണ് കേരളം.

ജി.സജികുമാറാണ് കേരള ടീം മാനേജർ. ഡേവ് വാട്ട്മോറാണ് ടീമിന്റെ മുഖ്യപരിശീലകൻ. സെബാസ്റ്റ്യൻ ആന്റണി, മസർ മൊയ്തു എന്നിവർ സഹപരിശീലകരായും കേരള ടീമിലുണ്ട്. ഒക്ടോബർ 19ന് തിരുവനന്തപുരത്ത് കേരളത്തിന്റെ രഞ്ജി പരിശീലന ക്യാമ്പ് ആരംഭിക്കും.

ടീം: ജലജ് സക്സേന, അരുൺ കാർത്തിക്, രോഹൻ പ്രേം, സഞ്ജു സാംസൺ, സൽമാൻ നിസാർ, വി.എ.ജഗദീഷ്, അക്ഷയ് ചന്ദ്രൻ, വിഷ്‍ണു വിനോദ്, അക്ഷയ് കെ.സി, സന്ദീപ് വാര്യർ, നിധീഷ് എം.ഡി, ബേസിൽ തമ്പി, രാഹുൽ പി, വിനൂപ് എസ്.മനോഹരൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook