ബെംഗളൂരു: ഐ പി എൽ 2018 സീസണിലേക്കുള്ള താര ലേലം അവസാനിച്ചപ്പോൾ കേരളം നേട്ടം കൊയ്തു. ഇതുവരെ ക്രിക്കറ്റിൽ കേരളത്തിനുണ്ടായിരുന്ന അതിരുകൾ മറികടന്ന സിക്സറടിച്ചു. ആറ് മലയാളി താരങ്ങളാണ് രണ്ട് ദിനം കൊണ്ട് ലേലത്തിൽ വിറ്റുപോയത്. ഒരുപക്ഷേ, ഐ പി എല്ലിന്രെ ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഇത്രയധികം മലയാളി താരങ്ങൾ കളത്തിലിറങ്ങുന്നതും വിറ്റുപോകുന്നതും.

സജ്ഞു സാംസൺ, ബേസിൽ തമ്പി, കെ എം ആസിഫ്, സച്ചിൻ ബേബി, എം എസ് മിഥുൻ, എം ഡി നിധീഷ് എന്നീ ആറ് താരങ്ങളാണ് വിവിധ ടീമുകൾക്കായി ഇത്തവണ ഐ പി എല്ലിൽ കളിക്കുക.

സഞ്ജു വി.സാംസൺ ആണ് ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റുപോയ മലയാളി താരം. എട്ട് കോടിക്കാണ് വിറ്റുപോയത്. രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ പൊന്നുവിലയ്ക്ക് സ്വന്തമാക്കിയത്. ഒരു കോടിയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാനവില.

തൊട്ട് പിന്നിൽ മറ്റൊരു മലയാളി താരവും ലേലത്തിന്രെ ആദ്യ ദിനത്തിൽ തന്നെ വിറ്റുപോയി. പുതിയ യുവതാരമായ ബേസിൽ തമ്പിയെ സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 95 ലക്ഷം രൂപയാണ് ബേസിലിനെ സൺറൈസേഴ്സ് വാങ്ങിയത്. 30 ലക്ഷം ആയിരുന്നു ബേസിലിന്റെ അടിസ്ഥാന വില.

ആദ്യദിനത്തിൽ ഈ രണ്ട് മലയാളികളും ഐ പി എല്ലിൽ ശ്രദ്ധ നേടിയ താരങ്ങളായി വിറ്റുപോയി. രണ്ടാം ദിനത്തിൽ മലയാളികളായ നാല് താരങ്ങളാണ് ഐ പി എല്ലിന്രെ ലേലക്കളത്തിലെത്തിയത്.

പേസ് ബോളറായ കെ എം ആസിഫിനെ 40 ലക്ഷം നൽകിയാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയെ 20 ലക്ഷത്തിന് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കി. എം എസ് മിഥുനിനെ 20 ലക്ഷത്തിന് രാജസ്ഥാൻ റോയൽസ് കൈവശപ്പെടുത്തിയപ്പോൾ എം ഡി നിധീഷിനെ 20 ലക്ഷത്തിന് മുംബൈ ഇന്ത്യൻസും കൊത്തികൊണ്ടുപോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ