കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്രെ അഞ്ചാം പതിപ്പിലെ തങ്ങളുടെ രണ്ടാം ജയം തേടി വീണ്ടും ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. എഫ് സി പുണെ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിലെ തങ്ങളുടെ പതിനൊന്നാം മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും മൂന്ന് പോയിന്റ് തികച്ച് വാങ്ങാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിൽ നടന്ന ഐഎസ്എൽ മത്സരം കാണാനെത്തിയത് 8451 കാണികൾ മാത്രമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു ഹോം മത്സരത്തിൽ വരുന്ന ഏറ്റവും കുറഞ്ഞ അറ്റൻഡൻസാണ് കഴിഞ്ഞ മത്സരത്തിൽ രേഖപ്പെടുത്തിയത്.

സീസണിലെ മോശം പ്രകടനമാണ് ആരാധകരെ മൈതാനത്ത് നിന്നും അകറ്റിയത്. കളി ബഹിഷ്കരിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവും നടത്തിയരുന്നു. മത്സരത്തിൽ കറുത്ത ബാനറുകളും ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ മികച്ചത് അർഹിക്കുന്നു, സപ്പോർട്ടേഴ്സാണ്; കസ്റ്റമേഴ്സ് അല്ല എന്നിങ്ങനെ എഴുതിയ ബാനറുകളാണ് ഗ്യാലറിയിൽ ഉണ്ടായിരുന്നത്.

ജംഷഡ്പൂരിനെതിരായ ഹോം മത്സരത്തിൽ ഗ്യാലറി ഒഴിച്ചിട്ട ആരാധകർ ഇക്കുറി തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന ആരാധകർക്ക് വിജയം സമ്മാനിക്കാൻ ബ്ലാസ്റ്റേഴ്സിനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇനിയും ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കളിക്കാരും കണക്കും കളിക്കേണ്ടി വരും എന്നതും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകും. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് മുന്നിലില്ല.

പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ പിന്നിലാണ് പുണെ സിറ്റി എഫ്സി. പത്ത് കളികൾ കളിച്ച ഇരു ടീമുകളും ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്. ആറ് സമനിലയും മൂന്ന് തോൽവിയും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. പുണെയാകട്ടെ രണ്ട് മത്സരങ്ങളിൽ സമനില നേടിയപ്പോൾ ഏഴിലും പരാജയപ്പെട്ടു. അഞ്ച് പോയിന്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് പുണെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ