കൊച്ചി : ഏറെ പ്രതീക്ഷയോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അസിസ്റ്റന്റെ് കോച്ച് റെനെ മ്യൂലെന്‍സ്റ്റീനെ വരവേറ്റത്. എന്നാല്‍ ഏഴ് മത്സരം പിന്നിടുമ്പോള്‍ ഒരു വിജയം മാത്രമാണ് റെനെ മ്യൂലെന്‍സ്റ്റീന് കീഴില്‍ ടീമിന് നേടാനായത്. സീസണ്‍ പകുതിയിലെത്തിയപ്പോഴേക്കും റെനെ രാജി വച്ച് ഒഴിയുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തന്നെ ആദ്യ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ഡേവിഡ്‌ ജെയിംസിനെ തിരികെ വിളിച്ചുകൊണ്ട് മാനേജ്മെന്റ് ആരാധകരോട് നീതികാട്ടി. എന്നാല്‍ ഇന്ന് നടക്കുന്ന നിര്‍ണായമായ കളിയില്‍ ടീമിനെ നയിക്കുക അസിസ്റ്റന്‍റ് കോച്ച് താങ്ബോയി സിങ്റ്റോ ആയിരിക്കും.

‘ ഇതൊരു പുതിയ ദിനവും പുതിയ ഉദയവും’ ആയിരിക്കും എന്നാണ് ഇന്നത്തെ കളിയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ താങ്ബോയി അഭിപ്രായപ്പെട്ടത്. എങ്ങനെയും പോയന്‍റ് നേടുക എന്നതാണ് ലക്‌ഷ്യം എന്ന് പറയുന്ന താങ്ബോയി അതിന് ടീം സജ്ജമാണ് എന്നും ഉറപ്പ് തരുന്നു. റെനെ ടീമിനെ നയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വച്ചത് ഗോളുകള്‍ വഴങ്ങാതിരിക്കുവാനാണ് എങ്കില്‍ താങ്ബോയി ലക്ഷ്യം വെക്കുന്നത് ‘ഗോളുകള്‍ വഴങ്ങാതിരിക്കുന്നതിനോടോപ്പം കൂടുതല്‍ ഗോളുകള്‍ വാരികൂട്ടാനുമാണ്.’ അത് തന്നെയാണ് താങ്ബോയിക്ക്‌ പരിചയമുള്ള കളിശൈലിയും. ഷില്ലോങ്ങിലെ ഐതിഹാസിക ക്ലബ്ബായ ലജോങ് എഫ്സിയുടെ പരിശീലകനായിരുന്ന താങ്ബോയിക്ക്‌ ഫുട്ബാള്‍ മാനേജര്‍ എന്ന നിലയില്‍ മികച്ചൊരു റിക്കോഡ്‌ തന്നെയാണുള്ളത്.

പോയന്‍റ് പട്ടികയില്‍ ഏറെ മുന്നിലുള്ള പുണെയെ നേരിടുമ്പോള്‍ അവസാന നാല് സ്ഥാനങ്ങളില്‍ എത്തണം എന്ന നിര്‍ബന്ധബുദ്ധിയാകും താങ്ബോയിയെ നയിക്കുക. “ഒരു നല്ല ടീമിന് ഹോം ഗെയിം എന്നോ അവേ ഗെയിം എന്നോ ഇല്ല. എല്ലാ അവസ്ഥകളിലും അവര്‍ നല്ല പ്രകടനം കാഴ്ചവെക്കും’ എന്ന് പറഞ്ഞ താങ്ബോയി പ്ലേ ഓഫിലേക്ക് എത്തണം എങ്കില്‍ ഇനി എല്ലാ കളിയും ജയിക്കുക മാത്രമാണ് മാര്‍ഗം എന്നും ഓര്‍മിപ്പിക്കുന്നു. ‘ ഏറ്റവും മികച്ച ആരാധകകൂട്ടമുള്ള ക്ലബ്ബാണ്‌ നമ്മള്‍’ ആരാധകര്‍ ടീമംഗങ്ങള്‍ക്ക് പകരുന്ന ആത്മവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്സ് കോച്ച്.

ബെര്‍ബറ്റോവ് കളിക്കുമോ എന്ന ചോദ്യത്തിന് സികെ വിനീതും പ്രീതംകുമാറും ഒഴികെ എല്ലാവരും ഫിറ്റ് ആണെന്നായിരുന്നു കോച്ചിന്‍റെ മറുപടി. പക്ഷെ ആദ്യ പതിനൊന്നില്‍ ഇടം നേടുക ആരാണ് എന്ന കാര്യം പങ്കുവെക്കാന്‍ കോച്ച് തയ്യാറായില്ല. സെന്‍റര്‍ ബാക് നെമാഞ്ച പെസിക് മഞ്ഞ കാര്‍ഡുകള്‍ വാങ്ങി സസ്‌പെന്‍ഷന്‍ നേരിടുകയായാതിനാല്‍ ഇന്നിറങ്ങില്ല.

വെസ്റ്റ്‌ ബ്രൗണ്‍ ആ പൊസീഷനില്‍ ഇറങ്ങുവാനാണ് സാധ്യത. പരുക്ക് ഭേദമായ ബെര്‍ബ മധ്യനിരയില്‍ കളിച്ചേക്കും. ഇയാന്‍ ഹ്യൂമോ മാര്‍ക്ക് സിനോഫ്സിസോ ആരാകും ആദ്യ ഇലവനില്‍ ഇടം നേടുകയെന്നത് കണ്ടറിയേണ്ടതാണ്. ശുഭാഷിഷ് ചൗധരിയെ കീപ്പര്‍ ആക്കുകയാണ് എങ്കില്‍ ഇരുവരെയും ആദ്യ ഇലവനില്‍ ഇറക്കും. പുതിയ സൈനിങ്ങായ കിസിറ്റോ കെസിരോണ്‍ കളിച്ചേക്കില്ല. റിനോ ആന്‍റോ പരുക്ക് ഭേദമായി വന്നത് ടീമിന് ഗുണകരമാകും.

ഐലീഗിലേക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ക്ലബ്ബായ ലജോങ് എഫ്‌‌സിയുടെ മികച്ച ലീഗ് പടയോട്ടത്തിനു പുറമേ 2017ല്‍ ഫെഡറേഷന്‍ കപ്പില്‍ സെമി ഫൈനല്‍ വരെ ക്ലബ്ബിനെ എത്തിക്കുന്നതിന്‍റെ എല്ലാ ക്രെഡിറ്റുമുള്ള മാനേജര്‍ ആണ് താങ്ബോയി സിങ്റ്റോ. ഡേവിഡ്‌ ജെയിംസ് സ്ഥാനമേല്‍ക്കുന്നത് വരെ ബ്ലാസ്റ്റേഴ്സിന് താങ്ങാവാന്‍ താങ്ബോയിക്ക്‌ സാധിക്കും എന്ന്‍ തന്നെയാണ് മാനേജ്മെന്റിന്‍റെ വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook