എറണാകുളം: ഐഎസ്എൽ നാലാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് കൊച്ചിയിലെ കാണികളുടെ എണ്ണം കുറവാണെങ്കിലും ആവേശമൊട്ടും ചോരാതെ മഞ്ഞ ജഴ്സിയണിഞ്ഞ സ്റ്റേഡിയം താരങ്ങള്‍ക്കായി ആര്‍ത്തുവിളിച്ചു.

മൽസരശേഷം ആരാധകര്‍ക്കൊപ്പം വിജയം ആഘോഷിക്കാനായി നായകന്‍ സന്തോഷ് ജിങ്കനാണ് സഹതാരങ്ങളെ ഒരുമിച്ച് കൂട്ടിയത്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈയ്യടിയുടെ താളത്തില്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി. കഴിഞ്ഞ മൽസരങ്ങള്‍ വിരസമായത് കൊണ്ട് തന്നെ 33,868 പേര്‍ മാത്രമായിരുന്നു വെളളിയാഴ്ച കളി കാണാനെത്തിയത്. മുംബൈയ്ക്ക് എതിരായ മൽസരം കാണാന്‍ 35,392 പേരെത്തിയിരുന്നു. കൊല്‍ക്കത്തയ്ക്ക് എതിരായ ഉദ്ഘാടന മൽസരം കാണാന്‍ 37,462 പേരാണ് എത്തിയത്.

ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചത്. മലയാളി താരം സി.കെ.വിനീതാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

മൽസരത്തിന്റെ 24-ാം മിനിറ്റിലാണ് സി.കെ.വിനീതിന്റെ ഗോൾ പിറന്നത്. റിനോ ആന്റോ നൽകിയ ക്രോസ് നോർത്ത് ഈസ്റ്റ് വലയിലേക്ക് ഹെഡ് ചെയ്തിട്ടാണ് വിനീത് കേരളത്തിന് നിർണ്ണായക ലീഡ് സമ്മാനിച്ചത്. ബോക്സിലേക്ക് പാഞ്ഞെത്തിയ വിനീത് ഡൈവിങ് ഹൈഡറിലൂടെയാണ് പന്ത് വലയിലേക്ക് എത്തിച്ചത്. വേഗത്തിൽ വന്ന ക്രോസിനെ ഇരട്ടി വേഗത്തിലാണ് വിനീത് നോർത്ത് ഈസ്റ്റ് വലയിലേക്ക് കുത്തിയിട്ടത്. വിനീതിന്റെ ഹെഡറിന് മുന്നിൽ കാഴ്ചക്കാരനായി നിൽക്കാനേ എതിർ ഗോൾകീപ്പർ ടി.പി.രഹനേഷിന് ആയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ