കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിലെ തങ്ങളുടെ അവസാന മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നോർത്ത് ഈസ്റ്റ് സെമി ഉറപ്പിച്ചു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സാകട്ടെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തും. സ്വന്തം കാണികളെ അടുത്ത വർഷം സ്റ്റേഡിയത്തിലെത്തിക്കാനുള്ള അവസാന അവസരമാണ് ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം.
അഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗംഭീര തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. എന്നാൽ പിന്നീട് തകർന്നടിഞ്ഞ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലും താഴേയ്ക്ക് പിന്തള്ളപ്പെട്ടു. സ്വന്തം തട്ടകമായ കൊച്ചിയിൽ ഒരു വിജയത്തിനായി ടീം കാത്തിരുന്നത് 384 ദിവസങ്ങളായിരുന്നു. അതും ഈ സീസണിലെ രണ്ടാമത്തെ മാത്രം ജയം.
ആകെ 17 മത്സരങ്ങൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞ ബ്ലാസ്റ്റേഴ്സിന് രണ്ട് ജയം മാത്രമാണുള്ളത്. എട്ട് മത്സരങ്ങളിൽ ടീം പരാജയപ്പെട്ടപ്പോൾ ഏഴ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇന്നത്തെ മത്സരം ജയിച്ചാലും ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം ഒമ്പതാമത് തന്നെ ആയിരിക്കും.
സെമി ഉറപ്പിച്ച നോർത്ത് ഈസ്റ്റിന് അതിന് മുമ്പ് ശക്തി തെളിയിക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം. ജയിച്ചാൽ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയരാൻ നോർത്ത് ഈസ്റ്റിന് സാധിക്കും. നിലവിൽ 17 മത്സരങ്ങളിൽ നിന്നായി 28 പോയിന്രാണ് നോർത്ത് ഈസ്റ്റിന്രെ ശമ്പാദ്യം. ഏഴ് മത്സരങ്ങൾ ജയിച്ച നോർത്ത് ഈസ്റ്റ് മൂന്നെണത്തിൽ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങൾ സമനിലയിലാണ് അവസാനിച്ചത്.