നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിർണ്ണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്തീസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചത്. ആദ്യപകുതിയിൽ പ്രതിരോധനിര താരം വെസ്ബ്രൗൺ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി കേരളം പ്ലെഓഫ് സാധ്യതകൾ സജീവമാക്കി.

മത്സരത്തിന്രെ 27ആം മിനുറ്റിലാണ് കേരളം കാത്തിരുന്ന നിമിഷം എത്തിയത്. ജാക്കി ചന്ദിന്റെ കോർണ്ണർ കിക്കിൽ വെസ് ബ്രൗൺ തൊടുത്ത ബുള്ളറ്റ് ഹെഡ്ഡർ നോർത്തീസ്റ്റ് വലയിൽ എത്തുകയായിരുന്നു. പ്രതിരോധനിര താരം വെസ്ബ്രൗണാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ വെസ് ബ്രൗണിന്രെ ആദ്യ ഗോളാണ് ഇത്.

രണ്ടാംപകുതിയിൽ ഗോൾമടക്കാൻ നോർത്തീസ്റ്റ് കിണഞ്ഞ് ശ്രമിച്ചെങ്കിലും കേരളം പിടിച്ചു നിന്നു. സന്ദേഷ് ജിംഗാനും വെസ് ബ്രൗണും തീർത്ത പ്രതിരോധം പിളർത്താൻ നോർത്തീസ്റ്റ് താരങ്ങൾക്ക് കഴിഞ്ഞില്ല.

15 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള ജാംഷഡ്പൂർ എഫ്സിയാണ് കേരളത്തിന് തൊട്ട് മുന്നിൽ ഉളളത്. ചെന്നൈയിൻ എഫ്സിക്കെതിരെ നാളെ നോർത്തീസ്റ്റ് യുണൈറ്റഡിന് മത്സരമുണ്ട്. 15 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുളള ചെന്നൈയിൻ എഫ്സിയാണ് മൂന്നാം സ്ഥാനത്തുളളത്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയിക്കാൻ കഴിഞ്ഞാൽ മാത്രമെ കേരളത്തിന് പ്ലെഓഫിലേക്ക് മുന്നേറാൻ കഴിയുളളു. കരുത്തരായ ബാംഗ്ലൂരു എഫ്സിയും, ചെന്നൈയിൻ എഫ്സിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുളള എതിരാളികൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ