കൊച്ചി : ഡല്‍ഹിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഡേവിഡ്‌ ജെയിംസ്. അത് ടീമിന്‍റെ പ്രകടനത്തിലും പ്രകടമാകും എന്നാണ് ഇംഗ്ലീഷ് കോച്ച് നല്‍കുന്ന ഉറപ്പ്.

” മുംബൈ മികവുറ്റൊരു ടീമാണ് എന്നുമാത്രമല്ല തികച്ചും വ്യത്യസ്തമായൊരു ശൈലിയില്‍ കളിക്കുന്നവരാണ്. നമ്മുടെ കോച്ചിങ് സ്റ്റാഫ് വളരെ സൗഹാര്‍ദപരമായാണ്‌ എന്നോട് പെരുമാറിയത്. ഒരു കളി പോലും തോല്‍ക്കാനാകില്ല എന്ന സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത്. എറ്റികെയ്ക്ക് മുന്നിലാകുക എന്നതാവും നാളത്തെ കളിയുടെ ലക്ഷ്യം. തികച്ചും പുതുതായൊരു ശൈലിയിലാകും നാളെ കേരളം കളിക്കുക.” മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ് കോച്ച് പറഞ്ഞു.

താന്‍ ഒരു കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകനാണ് എന്ന് പറഞ്ഞ ഡേവിഡ്‌ ജെയിംസ് മാനേജര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പും ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ കളികളും മുടങ്ങാതെ കാണാറുണ്ട്‌ എന്ന് പറഞ്ഞു. ” ഒരു കോച്ചെന്ന നിലയില്‍ അവസാനഫലം എന്നതിനേക്കാള്‍ ഞാന്‍ നോക്കേണ്ടത് അവര്‍ ഓരോരുത്തരും എങ്ങനെ കളിക്കുന്നു എന്നാണ്. വളരെ ചെറിയ ഇടവേളകളിലാണ് ഇനിയുള്ള നമ്മളുടെ കളികളൊക്കെ അതിനാല്‍ തന്നെ കളിക്കാരെ മാറ്റിക്കൊണ്ടിരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്.” ആദ്യ ഇലവനെ താന്‍ മനസ്സില്‍ കണക്കുകൂട്ടിയിട്ടുണ്ട് എന്ന സൂചന നല്‍കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

“പുതിയൊരു നിര കളിക്കാരുമായി പുതിയൊരു സീസണ്‍ അഭിമുഖീകരിക്കുന്ന പുതിയൊരു കോച്ചാണ് ഞാന്‍. അവസാന രണ്ടു കളികളിലെ പ്രകടനം താരങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ്. വളരെ മികവുറ്റ താരങ്ങള്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. ” എന്ന് പറഞ്ഞ കോച്ച്‌ സികെ വിനീത് പരുക്ക് ഭേദമായി പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നും അറിയിച്ചു.

” സീസണ്‍ പകുതിയോളം പിന്നിട്ടു എന്നതില്‍ വരുന്ന ഒരു ബുദ്ധിമുട്ട് എന്താണെന്നാല്‍ കളിക്കാരുടെ ഇടയിലുള്ള വിടവ് മറക്കാന്‍ മാത്രം സമയമില്ല നമുക്ക് എന്നതാണ്. മെച്ചപ്പെടുവാനുള്ളതായ പല കാര്യങ്ങളും ടീമിലുണ്ട്. ” റെനെ മ്യൂലെന്‍സ്റ്റീന്‍ നിര്‍ത്തി വെച്ചിടത്ത് നിന്നും തുടങ്ങിയ ഡേവിഡ്‌ ജെയിംസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ