കഴിഞ്ഞ കുറച്ച് സീസണുകളില്‍ പതിഞ്ഞ കളിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റേത്. എന്നാല്‍ ഇത്തവണ പുതിയ പരിശീലകന് ഇവാന് വുകുമനോവിച്ചിന്റെ തന്ത്രം ഓരോ കളിയിലും വ്യത്യസ്തമായിരുന്നു. മുംബൈ സിറ്റി എഫ് സി എന്ന ഗോളടി മികവിന് പേരു കേട്ട ടീമിനോട് പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള കളിയായിരിക്കും ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുക എന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷെ, മുംബൈയുടെ കണക്കൂട്ടലുകള്‍ തെറ്റിച്ച് ആക്രമണത്തിന് പ്രത്യാക്രമണം എന്ന മറുമരുന്നായിരുന്നു മഞ്ഞപ്പട കളത്തില്‍ പ്രയോഗിച്ചത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ക്കെതിരെ അത് ധാരളമായിരുന്നു എന്നത് 3-0 ന്റെ ഉജ്വല ജയം തന്നെ ഉദാഹരണം.
വിദേശ സ്ട്രൈക്കര്‍മാരുടെ വിളയാട്ടം
ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ പ്രധാന ആയുധങ്ങളാണ് ആല്‍വാരൊ വാസ്ക്വസും ഹോസെ പെരേരയും. മുംബൈയ്ക്കെതിരെ ഇരുവരും കളത്തില്‍ നിറഞ്ഞാടിയെന്ന് തന്നെ പറയാം. എടുത്ത് പറയേണ്ടത് വാസ്ക്വസിന്റെ പേരു തന്നെ. മുംബൈ ഗോള്‍ മുഖത്തേക്ക് ഷോട്ട് പായിക്കാനുള്ള ഒരു അവസരം പോലും പാഴാക്കരുത് എന്ന നിര്‍ബന്ധം ബ്ലാസ്റ്റേഴ്സിന്റെ ശരീരഭാഷയില്‍ വ്യക്തമായിരുന്നു. പത്താം മിനിറ്റില്‍ വാസ്ക്വസ് തൊടുത്ത ലോങ് റേഞ്ചറിന് മുംബൈ ഗോളി മുഹമ്മദ് നവാസിന്റെ അത്യുഗ്രന്‍ സേവ് മറുപടി പറഞ്ഞില്ലായിരുന്നെങ്കില്‍ ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്ന് ഫട്ടോര്‍ഡയിലെ മൈതാനത്ത് പിറന്നേനെ.

27-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. കൃത്യമായ പ്ലാനുണ്ടായിരുന്നു ഗോളിന് പിന്നില്‍. ഹോസെ പെരേരയുടെ അപ്രതീക്ഷിത നീക്കമായിരുന്നു ഗോളിലേക്ക് വഴി വച്ചത്. പന്തുമായി ഗോള്‍ പോസ്റ്റിന് തൊട്ടടുത്തേക്ക് എത്തിയ പെരേര മുംബൈ പ്രതിരോധ നിരയാല് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സഹലിലേക്ക് പന്ത് കൈമാറി. പന്ത് അനായസം വരുധിയിലാക്കിയ സഹലിന്റെ ഒരു കിടിലം വോളി. മുഹമ്മദ് നവാസിന്റെ കൈകള്‍ക്ക് സഹലിന്റെ ഷോട്ടിന്റെ വേഗതയെ തടയാന്‍ കഴിഞ്ഞില്ല. ഗോളടിച്ചതിന് ശേഷം പരിശീലകന് വുകുമനോവിച്ചിനടുത്തേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഓടിയെത്തി. ആക്രമണം തന്നെ തന്ത്രമെന്ന് ഉറപ്പിച്ച നിമിഷം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ വാസ്ക്വസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടായി ഉയര്‍ത്തി. ഇത്തവണയും ഗോള്‍ വന്നത് വോളിയിലൂടെ. ബോക്സിന് പുറത്ത് വലതു ഭാഗത്ത് നിന്ന് ജീക്സണ് സീങ്ങ് പന്ത് ഉയര്‍ത്തി നല്കി. പന്ത് മൈതാനം തൊടുന്നതിന് മുന്‍പ് തന്നെ വാസ്ക്വസ് ഷോട്ടുതിര്‍ത്തു. അതിവേഗത്തില്‍ പാഞ്ഞ പന്തിനെ തടയാമെന്ന മോഹം മുംബൈ പ്രതിരോധ നിരയ്ക്കും ഗോളിക്കുമില്ലായിരുന്നു. സീസണിലെ താരത്തിന്റെ മൂന്നാം ഗോളായിരുന്നു അത്. പെരേര ഡയാസിന്റെ പെനാലിറ്റി ഗോളും കൂടിയായപ്പോള്‍ ഒരു തിരിച്ചു വരവ് മുംബൈക്ക് അസാധ്യമായ ഒന്നായി മാറിയിരുന്നു. 80-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി ഗില്ലിന്റെ ഷോട്ടില്‍ വാസ്ക്വസിന്റെ ഗോള്‍ ശ്രമം വീണ്ടും. പക്ഷെ ഇത്തവണ മുംബൈ ഗോളിയുടെ മികവ് അത് തടഞ്ഞു.

പ്രതിരോധത്തിന്റെ മികവ്
ആറു കളികളില്‍ നിന്ന് 17 ഗോളുകളായിരുന്നു മുംബൈ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിന് മുന്‍പ് വരെ നേടിയിരുന്നത്. അതുകൊണ്ടു തന്നെ മഞ്ഞപ്പടയുടെ പ്രതിരോധ നിരയ്ക്ക് ജോലിഭാരം ഏറെയാകുമെന്നത് ഉറപ്പായിരുന്നു. ജെസല്‍ കാര്‍ണെയിറൊ, മാര്‍ക്കൊ ലെസ്കോവിച്ച്, റൂയ്വാ ഹോര്‍മിപാം, ഹര്‍മന്‍ജോത് ഖബ്ര എന്നിവരായിരുന്നു പ്രതിരോധ നിരയില്‍. സിപോവിച്ചിന്റെ പരിക്ക് തിരിച്ചടിയായെങ്കിലും പതിവിലും മികവുകാട്ടി പ്രതിരോധം. ആറ് കളിയില്‍ നിന്ന് അഞ്ച് തവണ ലക്ഷ്യം കണ്ട ഇഗോര്‍ അംഗൂളോയുടെ നേതൃത്വത്തിലുള്ള മുംബൈ മുന്നേറ്റ നിരയെയോണ് തടുത്തതെന്നും പ്രതീക്ഷ നല്കുന്ന ഒന്നാണ്. ഒരു ഗോള്‍ പോലും വഴങ്ങാതെയുള്ള ജയത്തിന് ഇരട്ടി മധുരം നല്‍കുന്നതും ഈ പടയാളികളുടെ മികവ് തന്നെയെന്നതില്‍ സംശയം വേണ്ട.

എടുത്ത് പറയേണ്ടത് ലെസ്കോവിച്ചിന്റെ പരിചയസമ്പത്തും അരങ്ങേറ്റക്കാരന്‍ ഹോര്‍മിപാമിന്റെ പ്രകടനവുമാണ്. പലപ്പോഴും പ്രതിരോധ നിരയിലെ താരങ്ങള്‍ക്കും ഗോളിക്കുമടക്കം ലെസ്കോവിച്ചിന്റെ ഉപദേശങ്ങള്‍ എത്തിയിരുന്നു. ആശ്വാസ ഗോളെങ്കിലും നേടാമെന്ന മുംബൈയുടെ പ്രതീക്ഷ തകര്‍ത്തു പ്രതിരോധം. ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യന്മാര് ഗോളടിക്കാതെ ഈ സീസണില്‍ മടങ്ങിയ ആദ്യ കളി കൂടിയാണിത്. തോല്‍വി വഴങ്ങിയെങ്കിലും ഏഴ് കളികളില്‍ നിന്ന് 15 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് മുംബൈ. ആറ് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. തുടര്‍ച്ചയായി അഞ്ച് കളികളില്‍ തോല്‍വിയറിയാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്.
Also Read: തകർപ്പൻ പ്രകടനവുമായി ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റിയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്