മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം. മുംബൈക്കെതിരെ അവരുടെ തട്ടകത്തിൽ നാണംകെട്ട തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. സോഗോ നാല് നേടിയ മത്സരത്തിൽ ഡങ്കലാണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ കളിയുടെ 12-ാം മിനിറ്റിലായിരുന്നു സോഗോയുടെ ആദ്യ ഗോൾ. 15-ാം മിനിറ്റിൽ വീണ്ടും താരം ബ്ലാസ്റ്റേഴ്സ് വല കുലുക്കി. ധീരജിലേക്ക് ലഭിച്ച മൈനസ് പാസില്‍ നിന്നാണ് ഗോള്‍. ധീരജ് പന്ത് അലക്ഷ്യമായി കേരള താരങ്ങള്‍ക്ക് തട്ടിക്കൊടുക്കുകയായിരുന്നു. 27-ാം മിനിറ്റിൽ ഡങ്കൽ കേരളത്തിനായി ഗോൾ നേടി കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും 30-ാം മിനിറ്റിൽ സോഗോ തന്നെ മറുപടി നൽകി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മലയാളി താരം സാക്കീർ റെഡ്കാർഡ് കണ്ട് പുറത്തുപോയി. രണ്ടാം പകുതിയിൽ പത്ത് പേരമായാകും ബ്ലാസ്റ്റേഴ്സിന് വീണ്ടും അടിതെറ്റി. 70-ാം മിനിറ്റിൽ റാഫേൽ ബാസ്റ്റോസ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു. 89-ാം മിനിറ്റിൽ മത്തിയാസ് മുംബൈ ഗോൾ നേട്ടം അഞ്ചാക്കി. അവസാന വിസിലിന് തൊട്ടുമുമ്പ് സോഗോ തന്നെ ഗോൾ പട്ടിക പൂർത്തിയാക്കി. ആറടിയിൽ വീണ് ബ്ലാസ്റ്റേഴ്സ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ടൂർണമെന്റിന്റെ പകുതിയിലേറെ മത്സരങ്ങൾ പിന്നിടുമ്പോഴും ഉദ്ഘാടന മത്സരത്തിൽ നേടിയ വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ആകെ മൂന്ന് പോയിന്റ് തികച്ച് സമ്മാനിച്ചത്. പന്ത്രണ്ട് മത്സരങ്ങളിൽ ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ അഞ്ചെണ്ണം പരാജയപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook