മുംബൈ: തുടർച്ചയായ രണ്ടാം ഏവേ വിജയം ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്സ്. നിർണ്ണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഇയാൻ ഹ്യൂമാണ് ബ്ലാസ്റ്റേഴ്സിന്റെ നിർണ്ണായക ഗോൾ നേടിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി.
മുംബൈയ്ക്കെതിരായ മത്സരത്തിന്റെ 24ആം മിനുറ്റിലാണ് കേരളത്തിന്റെ ആദ്യ ഗോൾ പിറന്നത്. പെക്കൂസൻ തൊടുത്ത ഫ്രീകിക്ക് ഹ്യൂം ഗോളാക്കിമാറ്റുകയായിരുന്നു. എന്നാൽ ഹ്യൂം ഓഫ്സൈഡ് ആയിരുന്നുവെന്ന് റീപ്ലെകളിൽ വ്യക്തമായിരുന്നു. പക്ഷെ ലൈൻ റഫറിയുടെ പിഴവിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലെത്തുകയായിരുന്നു.
രണ്ടാംപകുതിയിൽ സി.കെ വിനീതിനെ കളത്തിലിറക്കി ഡേവിഡ് ജയിംസ് ആക്രമണശൈലി തുടർന്നു. ലീഡ് ഉയർത്താൻ ഹ്യൂമും വിനീതും കിണഞ്ഞ് ശ്രമിച്ചെങ്കിലും മുംബൈ ഗോൾകീപ്പർ മതിലുപോലെ ഉറച്ചു നിന്നു. മുംബൈ ആക്രമണം ശക്തമാക്കിയതോടെ സിഫ്നിയോസിന് പകരം ലെക്കിച്ച് പെസിച്ചിനെ കളത്തിലിറക്കി ഡേവിഡ് ജയിംസ് മുംബൈയെ തടയുകയായിരുന്നു.