കേരള ബ്ലാസ്റ്റേഴ്സിനെ സ്വന്തം മൈതാനത്ത് തകർത്ത് വിട്ട് ജാംഷഡ്പൂർ എഫ്സി. 1 എതിരെ 2 ഗോളുകൾക്കാണ് സ്റ്റീവ് കോപ്പലിന്റെ കുട്ടികൾ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ജാംഷഡ്പൂരിനായി ജെറി, അഷിം ബിശ്വാസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിൽ മാർക്ക് സിഫ്നിയോസാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. പന്തടക്കത്തിലും, കളിമികവിലും ബ്ലാസ്റ്റേഴ്സിനെ ഏറെ പിന്നിലാക്കിയ ജാംഷഡ്പൂർ എഫ്സി അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്.

പന്തുരുണ്ട് 23 ആം സെക്കന്റിൽത്തന്നെ ജാംഷഡ്പൂർ എഫ്സി ലീഡ് എടുത്തു. മെഹ്ത്താബ് ഹൂസൈന്രെ പാസിൽ യുവതാരം ജെറിയാണ് ജാംഷഡ്പൂരിന്റെ ആദ്യ ഗോൾ നേടിയത്. ഐഎസ്എല്ലിലെ ഏറ്റവും വേഗമേറിയ ഗോളാണ് ഇന്നത്തേത്. മധ്യനിരക്കാൻ ബിശ്വാസാണ് ജാംഷഡ്പൂരിന്റെ രണ്ടാം ഗോൾ നേടിയത്.

ഇരുപതാം മിനുറ്റിൾ ഗോൾമടക്കാൻ ബ്ലാസ്റ്റേഴ്സിന് സുവർണ്ണാവസരം ലഭിച്ചതാണ്. ഇയാൻ ഹ്യൂമിന്റെ തകർപ്പൻ ഹെഡർ ഗോൾലൈനിൽ നിന്ന് ജാംഷഡ്പൂർ ഇടത് വിങ്ങർ രാജു കുത്തിയകറ്റുകയായിരുന്നു.
എന്നാൽ ഒത്തിണക്കത്തോടെ കളിച്ച ജാംഷഡ്പൂർ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് നിയന്ത്രണം ആക്രമണം നയിച്ചു. 30 ആം മിനുറ്റി. സന്ദേഷ് ജിംഗാന്റെ പിഴവ് ഗോളാക്കിമാറ്റി അശ്വിൻ ബിശ്വാസ് ജാംഷഡ്പൂരിന്റെ ലീഡ് ഉയർത്തി. ഇടത് വിങ്ങിൽ നിന്ന് എത്തിയ ദുർബലമായ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ജിംഗാൻ വരുത്തിയ പിഴവാണ് കേരളത്തിന് വിനയായത്.

എന്നാൽ 40 ആം മിനുറ്റിൽ മധ്യനിരക്കാരൻ കെസിറോൺ കിസീറ്റോ പരുക്കേറ്റ് പുറത്ത് പോയത് കേരളത്തിന് കനത്ത പ്രഹരമായി. തോളിനേറ്റ പരുക്ക് മൂലമാണ് കീസീറ്റോയെ പിൻവലിക്കേണ്ടി വന്നത് . കിസീറ്റോയ്ക്ക് പകരം യുവതാരം ലിക്ക്മിയെയാണ് ഡേവിഡ് ജയിംസ് കളത്തിൽ ഇറക്കിയത്.

രണ്ടാംപകുതിയിൽ ലെക്കിച്ച് പെസിച്ചിനെ കളത്തിലിറക്കിയെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബ്ലാസ്റ്റേഴ്സസ് പരാജയപ്പെട്ടു. ഇയാൻ ഹ്യൂം മധ്യനിരയിലേക്ക് ഇറങ്ങി കളിച്ചെങ്കിലും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാൻ ആയില്ല. 2 ഗോളിന്റെ ലീഡ് സംരക്ഷിക്കാൻ പ്രതിരോധത്തിലേക്ക് ഊന്നിയ ജാംഷഡ്പൂർ താരങ്ങൾ അനായാസം കേരളത്തെ തടയുകയും ചെയ്തു. ഇഞ്ചുറി ടൈമിൽ ജാംഷഡ്പൂർ പ്രതിരോധം വരുത്തിയ പിഴവ മുതലെടുത്ത് സിഫ്നിയോസ് ഒരു ഗോൾ മടക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook