ജംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും നേർക്കുനേർ. ജംഷഡ്പൂരിന്റെ തട്ടകത്തിൽ രാത്രി 7.30നാണ് പോരാട്ടം. പോയിന്റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താനാകും ഇന്ന് ഇരു ടീമുകളും ബൂട്ടുകെട്ടുക.

ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം പിന്നിട് ഒരിക്കൽ പോലും ജയിക്കാൻ കഴിയാത്ത ടീമുകളാണ് ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും. അതുകൊണ്ട് തന്നെ സമനില കുരുക്ക് പൊട്ടിച്ച് വിജയവഴിയിൽ തിരിച്ചെത്തുകയും ഇരു ടീമുകൾക്കും അനിവാര്യമാണ്.

ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയെങ്കിലും പിന്നീട് മുംബൈയോടും ഡൽഹിയോടും സമനില വഴങ്ങുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരിന്റെയും അവസ്ഥ സമാനമാണ്. ആദ്യ മത്സരത്തിൽ മുംബൈയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ജംഷഡ്പൂർ ബെംഗളൂരുവിനോടും കൊൽക്കത്തയോടും നോർത്ത് ഈസ്റ്റിനോടും സമനില വഴങ്ങി.

കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്നും കാര്യമായ മാറ്റത്തിന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് തയ്യാറാകില്ലെന്നാണ് കരുതുന്നത്. എന്നാൽ സൂപ്പർ താരം മറ്റെജ് പൊപ്ലനിച്ച് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും അങ്ങനയെങ്കിൽ മലയാളി താരം സി.കെ.വിനീത് സൂപ്പർ സബ്ബാകും.

നാല് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ജംഷഡ്പൂർ. കേരള ബ്ലാസ്റ്റേഴ്സാകട്ടെ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഇന്ന് വിജയിക്കാനായാൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ ബ്ലാസ്റ്റേഴ്സിനാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ