കൊച്ചി: മറക്കാനാകുമോ ഹോസു കുരിയാസ് പ്രിയേറ്റോയേനെ, മഞ്ഞപ്പടയുടെ സ്വന്തം ജോസൂട്ടനെ. 2015, 2016 സീസണുകളില്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയുടെ കുന്തമുനയായിരുന്നു ഹോസു. ഒരു ഗോളും അഞ്ച് അസിസ്റ്റുമായി കളം വാണ താരം. ഹോസും ബ്ലാസ്റ്റേഴ്സ് വിട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മുന്‍ ടീമിനോട് ഇന്നും സ്നേഹമാണ്. ഫൈനലിന് മുന്നോടിയായി ടീമിന് ആശംസകളായി എത്തിയിരിക്കുകയാണ് ഹോസു ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍.
“ബ്ലാസ്റ്റേഴ്സിന് വിജയാശംസകള്‍ നേരാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിങ്ങള്‍ ജയിക്കുമെന്ന് ഞാന്‍ കരുതുന്നു. ഓള്‍ ദി ബെസ്റ്റ്, ലെറ്റ്സ് ഗോ,” ഹോസു പറഞ്ഞു. നിലവില്‍ സ്പാനിഷ് ക്ലബ്ബായ സി എഫ് പെരലാഡയ്ക്ക് വേണ്ടിയാണ് ഹോസു കളിക്കുന്നത്.
ഒരുകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ പ്രധാന ആയുധമായിരുന്ന ഇയാന്‍ ഹ്യൂമും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. “ഫൈനലിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിന് എല്ലാ ആശംസകളും. ഇത്തവണ കാര്യങ്ങള്‍ മാറിമയട്ടെ. ആരാധകര്‍ സ്റ്റേഡിയത്തിലെത്തുന്നത് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. നിങ്ങളാണ് ഈ കിരീടം അര്‍ഹിക്കുന്നത്,” ഹ്യൂം പറഞ്ഞു.
ഹെയ്തിയുടെ മുന്‍ ബ്ലാസ്റ്റേഴ്സ് താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ആശംസകള്‍ അറിയിച്ച പ്രമുഖ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. “ഡു ഓര്‍ ഡൈ മത്സരമാണ്. ജേഴ്സിയുടെ മുന്നിലുള്ള പേരിന് വേണ്ടി കളിക്കുക. ലെറ്റ്സ് ഗൊ കേരള ബ്ലാസ്റ്റേഴ്സ്, ഇ കളി ജയിക്കു,” ബെല്‍ഫോര്‍ട്ടിന്റെ വാക്കുകള്‍.
മൂവര്‍ക്കും പുറമെ ഔസിന്‍ ഒന്‍ഡോയ, മരിയോ ആര്‍ക്യൂസ്, നാസോണ്‍, പ്രശാന്ത് മാത്യു, നിര്‍മല്‍ ഛേത്രി, യുവാന്‍ഡെ തുടങ്ങിയവരും വിജയാശംസകളുമായി എത്തി. മൂന്ന് ഫൈനലിന് ഇറങ്ങുന്ന മഞ്ഞപ്പട ഇത്തവണ കപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ആരാധകരും. വൈകിട്ട് 7.30 ന് ഫട്ടോര്‍ഡയിലെ മൈതാനത്ത് കരുത്തരായ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.
Also Read: ‘കപ്പും കൊണ്ടേ ഞങ്ങള്‍ വരൂ..’; ഫട്ടോര്‍ഡയില്‍ നിന്ന് കൊമ്പന്മാരുടെ ആരാധകപ്പട