ചെന്നൈ: വിജയം തുടരാൻ ഉറച്ച് കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ രണ്ടാം എവേ മത്സരത്തിൽ കരുത്തരായ ചെന്നൈയിന് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്രെ എതിരാളികൾ. നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ വിജയത്തിന്റെ കരുത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ബെംഗളൂരുവിനെ അവരുടെ ഗ്രൗണ്ടില്‍ തോല്പിച്ചാണ് ചെന്നൈന് ബ്ലേസ്റ്റേഴ്സിനെ നേരിടാന്‍ ഇറങ്ങുന്നത്.
പരിക്കിൽ നിന്ന് മോചിതനാകാത്ത സൂപ്പർ താരം ദിമിറ്റർ ബെർബറ്റോവ് ഇന്നും ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകില്ല. അവസരങ്ങൾ മുതലാക്കുന്നതിലെ പിഴവുകൾ പരിഹരിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ച് കയറാം. മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന വെസ് ബ്രൗണിന്റെ പ്രകടനം ഇന്നും നിർണ്ണായകമാണ്. മികച്ച ആക്രമണനിരയുള്ള ചെന്നൈയിനെ പിടിച്ചുകെട്ടാൻ കേരളം വിയർപ്പൊഴുക്കേണ്ടി വരും.
ആറ് കളിയില്‍ നാലും ജയിച്ച ചെന്നൈയിന് 12 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തും അഞ്ച് കളിയില്‍ ഒരു ജയവും മൂന്ന് സമനിലയുമായി 6 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണ്.