ചെന്നൈ: അത്യന്തം നാടകീയമായ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഹോം ഗ്രൗണ്ടില്‍ സമനിലയില്‍ തളച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. 89ാം മിനുട്ടില്‍ വീണുകിട്ടിയ പെനാല്‍റ്റിയില്‍ കേരളത്തിന് കളി നഷ്ടമായി എന്നിരിക്കെ അധികസമയത്തിന്‍റെ അവസാനമിനുട്ടില്‍ വിനീത് കണ്ടെത്തിയ ഗോളാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്.

മന്ദഗതിയില്‍ ആരംഭിച്ച കളിയുടെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ജാക്കിചന്ദ് നഷ്ടപ്പെടുത്തിയ ഓപ്പണ്‍ ചാന്‍സ് മാത്രമാണ് എടുത്തുപറയേണ്ടത്. ഇടതുവിങ്ങില്‍ പന്ത് കൈപറ്റിയ വിനീത് സികെ കൗണ്ടര്‍ അറ്റാക്കിനായി പെക്കൂസനിലേക്ക് പന്ത് ത്രൂ ചെയ്യുന്നു. ബോക്സിലേക്ക് ഓടിയെത്തിയ പെക്കൂസന്‍ വലത് വിങ്ങില്‍ ജാക്കിചന്ദിന് പന്ത് കൈമാറുന്നു. ഗോള്‍മുഖത്ത് ആളൊഴിഞ്ഞൊരവസരം ലഭിച്ചിട്ടും ജാക്കിചന്ദ് പന്ത് പോസ്റ്റിന് പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു.


സന്ദേശ് ജിങ്കനെതിരെ വിധിച്ച ഹാന്‍ഡ്

രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒന്നിലേറെ തവണ അവസരങ്ങള്‍ മെനഞ്ഞെടുത്തുവെങ്കിലും ഇരുടീമുകളും ഫിനിഷിങ്ങില്‍ പിഴക്കുന്ന കാഴ്ചയാണ് കണ്ടത്. ആകെ പതിനാല് ഷോട്ടുകള്‍ പിറന്ന മത്സരത്തില്‍ ഇരുടീമുകളും ഷോട്ടുകളുടെ എണ്ണത്തില്‍ ഒരുപോലെ നിന്നു. റഫറിങ്ങിലെ പിഴവാണ് ചെന്നൈയിന്‍ എഫ്സിക്ക് കളിയില്‍ മേല്‍ക്കൈ നേടിക്കൊടുക്കുന്നത്. 90ാം മിനുട്ടില്‍ കേരളത്തിന്‍റെ ബോക്സിനുള്ളില്‍ വച്ച് സന്ദേശ് ജിങ്കനെതിരെ ഹാന്‍ഡ്ബോള്‍ വിളിക്കുകയായിരുന്നു. സംയമനത്തോടെ പെനാല്‍റ്റിയെടുത്ത മിഹെലിക് പോള്‍ റചൂബ്കയെ കവച്ചുവെച്ചു പന്ത് ഫാര്‍ പോസ്റ്റിലേക്ക് തുടുത്തു വിട്ടു.

പിന്നീടുള്ള അധികസമയം കേരളത്തിന് പന്ത് കൊടുക്കാതെ സമയം കലയുവാനുള്ള ചെന്നൈയിന്‍ എഫ്സിയുടെ ശ്രമം പ്രകടമായിരുന്നു. കളിയുടെ അവസാനത്തെ മിനുട്ടില്‍ ലഭിച്ച ത്രോ കൈപ്പറ്റിയ സന്ദേശ് ജിങ്കന്‍ വലതുവിങ്ങില്‍ മുന്നേറി ബോക്സിലേക്ക് ക്രോസ് കൊടുക്കുകയായിരുന്നു. പന്ത് കൃത്യമായി കാലില്‍ കൊള്ളിച്ച് വിനീത് പായിച്ച പന്ത് ചെന്നൈ ഗോളിക്ക് ഒരവസരവും നല്‍കിയില്ല. കളിയിലെ അവസാന ടച്ചില്‍ വിനീത് നേടിയ ഗോളിലൂടെ പരാജയം ഒഴിവാക്കിക്കൊണ്ട് കേരളം അവേ ഗേമില്‍ ഒരു പോയന്‍റ് സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook