ചെന്നൈ: വിജയ വഴിയില്‍ തിരികെ എത്താനുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ ശ്രമവും വിഫലമായി. ചെന്നെെയ്ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. കപ്പിത്താന്‍ സന്ദേശ് ജിങ്കനില്ലാത ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളൊന്നും അടിച്ചതുമില്ല വഴങ്ങിയതുമില്ല.

രണ്ടാം പകുതിയില്‍ കളി 70ാം മിനുറ്റിലെത്തി നില്‍ക്കെ കേരളത്തിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. രണ്ടാം പകുതിയിലിറങ്ങിയ ജിങ്കനായിരുന്നു ആ അവസരം തുറന്നു കൊടുത്തത്. എന്നാല്‍ ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായില്ല. ഇതിനിടെ ചെന്നെെ താരത്തിന് പരുക്കേല്‍ക്കുകയും ചെയ്തു.

ഭാഗ്യംകൊണ്ട് മാത്രമാണ് ഗോളൊന്നുറച്ച നിരവധി ചാൻസുകൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയിൽ നിന്ന് അകന്നു പോയത്. അതേസമയം ഗോളവസരങ്ങൾ കണ്ടെത്തുന്നതിൽ പോലും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരാജയപ്പെട്ടു.

സൂപ്പർ താരവും നായകനുമായ സന്ദേശ് ജിങ്കനില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങിയത്. അഞ്ച് മാറ്റങ്ങളാണ് പരിശീലകൻ ഡേവിഡ് ജെയിംസ് ടീമിൽ വരുത്തിയത്. മൂന്ന് മലയാളി താരങ്ങളാണ് ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തിയത്. പ്രതിരോധത്തില്‍ അനസ് എടത്തൊടിക, മധ്യനിരയില്‍ എം.പി. സക്കീര്‍, സഹല്‍ അബ്ദു സമദ് എന്നിവരാണ് കളിച്ചത്. രണ്ടാം പകുതിയില്‍ ജിങ്കന്‍ കളത്തിലെത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല.

എട്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ കളിച്ചത്. ഇതിൽ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ കേരളത്തിന് പിന്നീട് ഒരിക്കൽ പോലും വിജയം നേടാൻ സാധിച്ചില്ല. അവസാനം കളിച്ച മൂന്ന് മത്സരങ്ങളും കേരളം പരാജയപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ