Kerala Blasters vs Bengaluru FC: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-ബെംഗലൂരു എഫ്സി മത്സരം 1-1ന് സമനിലയിൽ. ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ 84ാം മിനുറ്റിൽ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിലൂടെ ബെംഗലൂരുവാണ് ആദ്യ ലീഡ് നേടിയത്. പിന്നീട് നാല് മിനുറ്റിന് ശേഷം 88ാം മിനുറ്റിൽ ആഷിഖിന്റെ ഓൺഗോൾ ബ്ലാസ്റ്റേഴ്സിന് ഒരു സ്കോർ നേടിക്കൊടുത്തതോടെ മത്സരം സമനിലയിലെത്തുകയായിരുന്നു.
ഐഎസ്എല്ലിന്റെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും ഇന്നത്തേതടക്കം രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്. രണ്ട് പോയിന്റുമായി പോയിന്റ് നിലയിൽ എട്ടാമതാണ് ബ്ലാസ്റ്റേഴ്സ്.
സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം റൗണ്ടിൽ നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിൽ സമനിലയിലെത്തുകയായിരുന്നു.
മൂന്ന് മത്സരങ്ങളിലായി ഒരു ജയവും തോൽവിയും ഒരു സമനിലയുമാണ് ബെംഗളൂരുവിന്റെ അക്കൗണ്ടിൽ. പോയിന്റ് നിലയിൽ നാല് പോയിന്റോടെ മൂന്നാമതാണ് ബെംഗളൂരു.