പുതിയ പരിശീലകന്‍, സീസണ്‍, തന്ത്രങ്ങള്‍..പക്ഷെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) തുടക്കം മോശമാക്കുന്ന പതിവ് തെറ്റിച്ചില്ല കേരള ബ്ലാസ്റ്റേഴ്സ്. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കൊമ്പന്മാര്‍ പരാജയം രുചിച്ചത്. നാല് ഗോളുകള്‍ വഴങ്ങിയെങ്കിലും പന്തടക്കവും പാസിങ് മികവും കേരളത്തിനൊപ്പമായിരുന്നു.
ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ 4-4-2 എന്ന ഫോര്‍മേഷനായിരുന്നു ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചത്. മുന്നേറ്റ നിരയില്‍ പെരേര ഡയാസും വാസ്ക്വസും. മധ്യനിരയില്‍ പരിചയസമ്പത്തിനൊപ്പം ചേര്‍ന്ന യുവനിര. അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ.പി, ജെക്സണ്‍. പ്രതിരോധത്തില്‍ ജെസല്‍, ഖബ്ര, ബിജോയ്, ലെസ്കോവിച്ച്.
ഞെട്ടലുകളുടെ ആദ്യ പകുതി
ആക്രമിച്ചു മുന്നേറുക എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ആദ്യ സൂചനകള്‍ നല്‍കിയതും അത് തന്നെ. പക്ഷെ തന്ത്രം തിരിച്ചടിക്കുകയായിരുന്നു എടികെ. മുംബൈ സിറ്റിയില്‍ നിന്ന് മോഹ വിലയ്ക്ക് ടീമിലെത്തിയ ബാവുമസ് തന്റെ വരവ് രണ്ടാം മിനിറ്റില്‍ അറിയിച്ചു. ലിസ്റ്റണ്‍ കൊളോസൊയില്‍ നിന്ന് ലഭിച്ച പാസ് ബോക്സിന് പുറത്ത് നിന്ന് തൊടുത്തു ബാവുമസ്. ഗോള്‍ വല ലക്ഷ്യമാക്കി എത്തിയ പന്തിലേക്ക് റോയ് കൃഷ്ണയുടെ ഹെഡര്‍ ശ്രമം. പക്ഷെ കൃഷ്ണയേയും ബ്ലാസ്റ്റേഴ്സ് ഗോളി ആല്‍ബിനൊ ഗോമസിനേയും മറികടന്ന പന്ത് വലയിലെത്തി. എടികെ മുന്നിലും.
ഗോള്‍ വീണതോടെ പതറിയെ ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്ക് പിന്നീട് പല നിമിഷവും പിഴച്ചു. ലൂണയും സഹലും അടക്കമുള്ള പരിചയസമ്പന്നര്‍ പിഴവുകള്‍ വരുത്തി. പക്ഷെ മെല്ലെ താളം കണ്ടെത്തി വുകോമാനോവിച്ച് ഏറെ പ്രതീക്ഷ അര്‍പ്പിച്ച മധ്യനിര. 24-ാം മിനിറ്റില്‍ രാഹുല്‍ – സഹല്‍ സഖ്യം മഞ്ഞപ്പടയെ ഒപ്പമെത്തിച്ചു. രാഹുലിന്റെ വേഗതയ്ക്കൊപ്പം പിടിക്കാന്‍ എടികെ പ്രതിരോധത്തിനായില്ല. രാഹുലില്‍ നിന്ന് പന്ത് സഹലിലേക്ക്. മികച്ച ഫസ്റ്റ് ടച്ച്, പിന്നാലെ ഹാഫ് വോളിയിലൂടെ സുന്ദരമായ ഗോള്‍.
പക്ഷെ അധികം വൈകിയില്ല എടികെ തിരിച്ചടിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലായ ഉജ്വല ഫോമില്‍ തുടരുന്ന റോയ് കൃഷ്ണയെ പ്രതിരോധിക്കാന്‍ ബ്ലാസ്റ്റേഴ്സ് മറന്നു. ബോക്സിനുള്ളിലേക്ക് പന്തുമായി മുന്നേറിയ താരത്തെ ആല്‍ബിനൊ ഫൗള്‍ ചെയ്തു. പെനാലിറ്റി വിധിക്കാന്‍ റഫറിക്കാന്‍ റണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അനായാസം തന്റെ അക്കൗണ്ട് തുറക്കാന്‍ റോയ് കൃഷ്ണയ്ക്ക് കഴിഞ്ഞു. എടികെ 2-1 ന് മുന്നില്‍.
40 -ാം മിനിറ്റില്‍ വീണ്ടും ബാവുമസിലൂടെ എടികെ ലീഡ് രണ്ടായി ഉയര്‍ത്തി. ഇത്തവണ ബാവുമസിന്റെ ശാരീരിക ക്ഷമതയ്ക്ക് മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രതിരോധം വീണത്. പന്തുമായി ബോക്സിലേക്ക് മുന്നേറിയ താരത്തെ തടയാന്‍ ബിജോയിക്ക് കഴിഞ്ഞില്ല. കൈപ്പിടിയിലൊതുക്കാന്‍ ഓടിയെത്തിയ ആല്‍ബിനോയേം മറികടന്നു പന്ത് വലയിലെത്തിച്ചു ബാവുമസ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ എടികെ 3-1 ന് മുന്നില്‍.
മികവ് കാട്ടിയ രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് കളത്തില്‍ എന്താണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കി. ഗോളുകള്‍ക്കായുള്ള ശ്രമങ്ങള്‍ തുടക്കമിട്ടപ്പോള്‍ തന്നെ എടികെ പ്രഹരവുമായി എത്തി. ഇത്തവണ റോയ് കൃഷ്ണയായിരുന്നു ഗോളിന് പിന്നില്‍. ബോക്സിന് പുറത്ത് നിന്ന് കൊളോസൊയുടെ മനോഹരമായ ഷോട്ട്. ഇത്തവണയും എടികെ മുന്നേറ്റ നിരയുടെ കരുത്തിന് മുന്നില്‍ ആല്‍ബിനൊ തലകുനിച്ചു. ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നെന്ന് പറയാം.
എങ്കിലും നാല് ഗോള്‍ വഴങ്ങിയ ക്ഷീണം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കിടയില്‍ ഉണ്ടായില്ല. മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ മധ്യനിരയ്ക്ക് സാധിച്ചു. പക്ഷെ അത് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ മാത്രം കഴിഞ്ഞില്ല എന്ന് മാത്രം. 69-ാം മിനിറ്റില്‍ ലൂണയുടെ പാസ് സ്വീകരിച്ച പെരേര ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ കണ്ടെത്തി. ലൂണയുടെ മനോഹരമായ ത്രൂബോളില്‍ നിന്നായിരുന്നു ഗോള്‍.
നേട്ടങ്ങളും പോരായ്മകളും
അക്ഷാരാര്‍ത്ഥത്തില്‍ എടികെയുടെ മുന്നേറ്റ നിരയുടെ മികവിന് മുന്നിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മികവ് പുലര്‍ത്താന്‍ മഞ്ഞപ്പടയ്ക്ക് ആയിരുന്നു. 65 ശതമാനം പന്തടക്കമാണ് ടീമിനുണ്ടായിരുന്നത്. 13 ഷോട്ടുകള്‍ തൊടുക്കാനുമായി. സഹലും, ലൂണയും ചേര്‍ന്ന മധ്യനിര തന്നെയായിരുന്നു ഏറെ പ്രതീക്ഷ നല്‍കിയ ഒന്ന്. തുടക്കത്തില്‍ മിസ് പാസുകള്‍ നിറഞ്ഞ് നിന്നെങ്കിലും മടങ്ങി വരാനായി.
30-ാം മിനിറ്റില്‍ പരിക്ക് പറ്റി രാഹുല്‍ പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രാഹുലിന്റെ വേഗതയായിരുന്നു ടീമിനെ മുന്നോട്ട് നയിച്ചിരുന്നത്. രാഹുലിന് പകരമെത്തിയ പ്രശാന്തിനാവട്ടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനും കഴിഞ്ഞില്ല. പരിശീലകന്‍ പല ഘട്ടങ്ങളിലും വരുത്തിയ മാറ്റങ്ങളും ഫലം കാണാതെ പോയി. മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു, എടികെ പ്രതിരോധത്തിന് പലപ്പോഴും വെല്ലുവിളിയും ഉയര്‍ത്തി. പക്ഷെ ഗോള്‍വലയ്ക്കും ബോക്സിനുമിടയില്‍ മഞ്ഞപ്പടയ്ക്ക് പിഴച്ചു.
ബാവുമസിന്റേയും കൊളോസൊയുടേയും ആദ്യ ഗോളുകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് രണ്ടിനും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ പഴിക്കാം. റോയ് കൃഷ്ണ, ബാവുമസ് എന്നവരെ പോലെയുള്ള മികവുറ്റ താരങ്ങളെ മാര്‍ക്ക് ചെയ്യുന്നതില്‍ പലപ്പോഴും വീഴ്ചപറ്റി എന്നത് തോല്‍വിയുടെ കാരണമാണ്. പരിചയസമ്പന്നതയുടെ കുറവ് പ്രതിരോധത്തില്‍ പ്രകടമായിരുന്നു. പ്രതിരോധത്തിലെ പിഴവുകളെ തിരുത്തിയാല്‍ ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരവ് സാധ്യമാണ്.