കൊച്ചി : ഒരു മുന്‍ താരം കൂടി കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരുന്നതായി സൂചനകള്‍. 2014 മുതല്‍ 2016 വരെ ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്ന ഗുര്‍വീന്ദര്‍ സിങ്ങിന് വേണ്ടി ഡേവിഡ്‌ ജെയിംസ് ശ്രമം നടത്തുന്നതായാണ് അഭ്യൂഹങ്ങള്‍. നിലവില്‍ കരാറിലുള്ള ഈസ്റ്റ് ബംഗാളുമായി പഞ്ചാബുകാരനായ സെന്‍റര്‍ ബാക്ക് അത്ര നല്ല ബന്ധത്തിലല്ല എന്നും വാര്‍ത്തകളുണ്ട്.

ഡേവിഡ്‌ ജെയിംസ് കേരളത്തെ നയിച്ച ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗുര്‍വീന്ദര്‍ സെന്‍റര്‍ ബാക്ക് പൊസീഷനില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ്. ജെസിടിയില്‍ കരിയര്‍ ആരംഭിച്ച ഏറെ അനുഭവസ്തനായ താരത്തെ കേരളത്തില്‍ എത്തിക്കുകയാണ് എങ്കില്‍ നിലവില്‍ സെന്‍റര്‍ ബാക്കായി കളിക്കുന്ന രണ്ട് വിദേശ താരങ്ങളില്‍ ഒരാളെ റിലീസ് ചെയ്യാനും ബ്ലാസ്റ്റേഴ്സിനാകും. ഒരു ടീമിലുള്ള വിദേശ താരങ്ങളുടെ കോട്ട തികഞ്ഞു എന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നുണ്ട്.

Read More : ബ്ലാസ്റ്റേഴ്‌സിലേക്ക് ഇനിയും താരങ്ങളെ കൊണ്ടുവരാന്‍ അവസരമുണ്ട് : ഡേവിഡ്‌ ജെയിംസ്

” തീര്‍ച്ചയായും, ഞങ്ങള്‍ മറ്റു ക്ലബ്ബുകളില്‍ നിന്നും താരങ്ങളെ നോക്കുന്നുണ്ട്.” എന്ന് ഡേവിഡ്‌ ജെയിംസ് പറഞ്ഞതും ഇതേ സൂചനയാണ് നല്‍കുന്നത്.

ഈസ്റ്റ് ബംഗാളില്‍ ആദ്യ ഇലവനില്‍ അവസരം ലഭിക്കുന്നില്ല എന്നതിന് പുറമേ ടീമിലും ബെഞ്ചിലും ഇടംനേടാഞ്ഞ ഗുര്‍വീന്ദറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കളികാണാന്‍ അനുവദിക്കാതെ ഗെയിറ്റില്‍ തടഞ്ഞതും ക്ലബുമായുള്ള ബന്ധം മോശമാകാന്‍ കാരണമായതായി ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗുര്‍വീന്ദറിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുകയാണ് എങ്കില്‍ കഴിഞ്ഞ കളികളില്‍ ഇടം നേടാതിരുന്ന ലാകിച്ച് പെസിക്കുമായുള്ള കരാര്‍ അവസാനിപ്പിച്ചുകൊണ്ട് മറ്റൊരു മുന്നേറ്റതാരത്തെ കൊണ്ടുവരാനാകും ഡേവിഡ്‌ ജെയിംസ് ലക്ഷ്യമിടുക.

ഇയാന്‍ ഹ്യൂമിനേയും ഡേവിഡ്‌ ജെയിംസിനേയുമടക്കം വരുന്ന പല പ്രമുഖരേയും ഇന്ത്യയിലെത്തിച്ച പ്ലെയര്‍ ഏജന്‍റ് തന്നെയാണ് ഗുര്‍വീന്ദര്‍ സിങ്ങിനെയും മാനേജ് ചെയ്യുന്നത് എന്നത് ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാക്കും. ഏറെ വൈകാതെ തന്നെ ഗുര്‍വീന്ദറുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയേക്കും എന്നാണ് ട്രാന്‍സ്ഫര്‍ മാര്‍കറ്റ്‌ അഭ്യൂഹങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ