കൊച്ചി: മുന്നേറ്റ നിരയെ കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇതിന്റെ ഭാഗമായി നോര്‍ത്ത് ഈസ്റ്റ് താരം ലെന്‍ ഡൗങ്കലിനെ ടീമിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് ഡൗങ്കലും സമ്മതിച്ചതായാണ് ദ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജെസിടി ഉത്പന്നമായ ഡൗങ്കല്‍ 2011ലാണ് ഈസ്റ്റ് ബംഗാളിലെത്തുന്നത്. എഎഫ്‌സി കപ്പില്‍ കൊല്‍ക്കത്തന്‍ ടീമിനു വേണ്ടി കളിച്ച ഡൗങ്കല്‍ ഇതിനിടെ പൈലന്‍ ആരോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഈ ടീമാണ് പിന്നീട് ഇന്ത്യന്‍ ആരോസായി മാറിയത്.

നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനു പുറമെ, ഡല്‍ഹി ഡൈനാമോസ്, ബെംഗളൂരു എഫ്‌സി, ഷില്ലോങ് ലജോങ് എന്നീ ടീമുകള്‍ക്കു വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ലെന്‍ എന്ന പേരിലറിയപ്പെടുന്ന സെമിന്‍ലെന്‍ ഡൗങ്കല്‍ മൂന്ന് വര്‍ഷത്തേക്ക് ബ്ലാസ്റ്റേഴ്‌സുമായി കരാറിലൊപ്പിട്ടതായാണ് റിപ്പോര്‍ട്ട്. 2.4 കോടിയുടെ കരാറിലാണ് താരത്തെ ടീമിലെത്തിക്കുന്നത്.

ചെന്നൈയിന്‍ എഫ്‌സിയ്‌ക്കെതിരെ ഡൗങ്കല്‍ ഈ സീസണില്‍ ഹാട്രിക് നേടിയിരുന്നു. നോര്‍ത്ത് ഈസ്റ്റിനായി ഈ സീസണില്‍ നാല് ഗോളുകള്‍ നേടിയിട്ടുണ്ട് താരം. താരത്തിന്റെ മുന്നേറ്റത്തിലെ പ്രകടനമാണ് കരാറുമായി മുന്നോട്ട് നീങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്.

ബെര്‍ബറ്റോയും ജാക്കിചന്ദും മിലന്‍ സിങ്ങും ബ്ലാസ്‌റ്റേഴ്‌സ് വിടുന്നതിനിടെയാണ് ടീം മാനേജ്മെന്റിന്റെ പുതിയ നീക്കം. വമ്പന്‍ തുകയ്ക്കാണ് ജാക്കിചന്ദിനെ എഫ്‌സി ഗോവ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിലന്‍ സിംഗിനായി മുംബൈ വല വിരിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അടുത്ത നാല് കൊല്ലത്തേക്ക് ഡേവിഡ് ജെയിംസ് തന്നെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ