കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പ്രമുഖ താരങ്ങളടക്കം പുറത്ത് പോകുന്നതിനിടെ പുതിയ സൈനിംഗുകളുമായി ടീം അധികൃതര്‍. മധ്യനിര താരം മിലന്‍ സിംഗ് മുംബൈ സിറ്റിയിലേക്ക് ചേക്കേറുമ്പോള്‍ മുംബൈയില്‍ നിന്നു തന്നെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയിരിക്കുകയാണ്.

മുംബൈ സിറ്റിയുടെ മധ്യനിര താരം സക്കീര്‍ മുണ്ടംപറമ്പിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സീസണിലും മുംബൈയ്ക്കായി ബൂട്ടണിഞ്ഞ താരമാണ് സക്കീര്‍.

മുംബൈയ്ക്കായി ഒമ്പത് മത്സരങ്ങളില്‍ താരം മൈതാനത്തിറങ്ങിയിരുന്നു. 27കാരനായ സക്കീര്‍ മലപ്പുറം സ്വദേശിയാണ്. മുമ്പത്തെ രണ്ട് സീസണിലും ചെന്നൈയിന്‍ എഫ്‌സിയുടെ താരമായിരുന്നു സക്കീര്‍. നേരത്തെ മോഹന്‍ ബഗാനിലും സാല്‍ഗോക്കറിലും കളിച്ച അനുഭവവും താരത്തിന് മുതല്‍ക്കൂട്ടായുണ്ട്.

മധ്യനിരിയില്‍ നിന്നും മിലന്‍ സിംഗ് മുംബൈയിലേക്ക് ചേക്കേറിയതോടെ പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്‌സിന് സക്കീറിന്റെ വരവ് കൂടുതല്‍ ശക്തി പകരും. മിലന്‍ സിംഗിന് പുറമെ ജാക്കിചന്ദ്, സികെ വിനീത് അടക്കമുള്ള താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വിനീതിനെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാനായി കോപ്പലാശാന്റെ ജെഷംഡ്പൂര്‍ എഫ്‌സിയും എടികെയും ശ്രമം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ താരങ്ങളെ തട്ടകത്തിലെത്തിച്ച് ടീമിനെ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേജുമെന്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ