കൊച്ചി: സന്തോഷ്‌ ട്രോഫിയില്‍ കേരളത്തെ കിരീട നേട്ടത്തിലേക്ക് നയിച്ച താരം എം.എസ്.ജിതിന്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. നിലവില്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ എഫ്സി കേരള ക്ലബ്ബിന്റെ താരമായ തൃശൂര്‍ക്കാരനുമായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ധാരണയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലാസ്റ്റേഴ്‌സിന് പുറമേ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കബ്ബായ എറ്റികെയും ഐ ലീഗ് ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിവരും ജിതിനെ സ്വന്തമാക്കാന്‍ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അഞ്ച് ഗോളുകളോടെ സന്തോഷ്‌ ട്രോഫി ടോപ്‌ സ്കോറര്‍ ആയതോടെയാണ് ജിതിനെ തേടി രാജ്യത്തെ മുന്‍നിര ക്ലബ്ബുകള്‍ ഇറങ്ങിയത്. കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി ഫൈനലില്‍ ആദ്യഗോള്‍ നേടിയതും ഈ ഒല്ലൂര്‍ക്കാരനായിരുന്നു.

തൃശൂര്‍ കേരള വർമ്മ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജിതിന്‍ തെങ്ങുകയറ്റ തൊഴിലാളി സുബ്രന്റെയും ലതയുടെയും മകനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ