ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിനുള്ള ഒരുക്കം കേരള ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. പ്രീ സീസൺ മത്സരങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനോടകം മൂന്ന് പ്രീ സീസൺ മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിന് മുന്നോടിയായി കൂടുതൽ ടീമുകളുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. കേരള സന്തോഷ് ട്രോഫി ടീമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളി. ഒക്ടോബർ മൂന്നിന് കേരള സന്തോഷ് ട്രോഫി ടീമിനെതിരെ സൗഹൃദ മത്സരം കളിക്കുമെന്നാണ് സൂചനകൾ.
കേരള സന്തോഷ് ട്രോഫി ടീമിന് പുറമെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ഹൈദരാബാദ് എഫ്.സിയുമായും കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ മുൻ പ്രീസീസൺ മത്സരങ്ങളിലേത് പോലെ കാണികൾക്ക് മത്സരം കാണാൻ അവസരമുണ്ടാകില്ല. അടച്ചിട്ട വേദിയിലായിരിക്കും മത്സരം.
Also Read: ISL: ‘ചക്കയുള്ള മാങ്ങയുള്ള തേങ്ങയുള്ള കേരളം’; മഞ്ഞപ്പടയുടെ പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇത്തവണ യുഎഇയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ ആരംഭിച്ചത്. യുഎഇ ക്ലബ്ബായ ഡിബ്ബ അൽ ഫുജൈറയുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചു. എന്നാൽ സ്പോൺസർമാരുമായുള്ള ഭിന്നതയെ തുടർന്ന് ടീം അവശേഷിച്ച മത്സരങ്ങൾ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
നാട്ടിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് സൗത്ത് യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ജയമാണ് സ്വന്തമാക്കിയത്. നർസാറി,സുയിവര്ലൂൺ, സാമുവൽ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകള് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ റിയൽ കശ്മീർ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് കശ്മീർ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.