കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കാര്യമായൊന്നും ഓര്‍ക്കാനൊന്നുമില്ലെങ്കിലും അടുത്ത സീസണിലേക്ക് ലക്ഷ്യമിട്ട് ഇപ്പോള്‍ തന്നെ പണി തുടങ്ങിയിട്ടുണ്ട് മഞ്ഞപ്പട. അതിന്റെ ഒരു ഘട്ടമെന്ന നിലയില്‍ ലാ ലീഗിയലെ വമ്പന്മാരെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടാന്‍ പോകുന്നത്. കളി നടക്കുന്നത് അടുത്ത മാസം സ്വന്തം തട്ടകത്തിലാണ് .

ബ്ലാസ്റ്റേഴ്‌സ് നേരിടാന്‍ പോകുന്നത് വമ്പന്മാരെയാണ്. ലാലിഗ കരുത്തരായ ജിറോണയുമായാണ് ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിനിറങ്ങുന്നത്. പ്രമുഖ സ്‌പോർട്സ് വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ലാലീഗയിലെ പ്രമുഖ ടീമുകളിലൊന്നാണ് ജിറോണ.

കഴിഞ്ഞ ലാ ലീഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു ജിറോണ. 2-1നായിരുന്നു അവര്‍ റയലിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്‍ അഞ്ചാം സീസണിനുളള ഒരുക്കങ്ങള്‍ക്ക് ഈ മത്സരത്തോടെ തുടക്കമാകും.

ജിറോണയുമായുള്ള മൽസരം നടക്കുകയാണെങ്കില്‍ യൂറോപ്പിലെ മുന്‍ നിര ടീമുകള്‍ക്കെതിരെ മൽസരിക്കുന്ന രണ്ടാമത്തെ ഐഎസ്എല്‍ ടീമായി മഞ്ഞപ്പട മാറും. മുമ്പ് ഡല്‍ഹി ഡൈനാമോസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ വെസ്റ്റ്ബ്രോംവിച്ച് ആല്‍ബിയണുമായി 2016ല്‍ സൗഹൃദ മൽസരം കളിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ